മുഖം മിനുക്കി മൈലാഞ്ചി മൊഞ്ച്

Mon,Mar 07,2016


അല്പം നാണത്തോടെ മുഖം കുനിച്ചിരിക്കുന്ന മണവാട്ടിയുടെ കൈകളിലും കാലുകളിലും മാത്രം നിറഞ്ഞുനിന്നിരുന്ന മൈലാഞ്ചി മൊഞ്ച് ഇപ്പോള്‍ മുഖം മിനുക്കിയെത്തുന്നു. പണ്ടൊക്കെ, മൊഞ്ചുള്ള മണവാട്ടിയെ അണിയിച്ചൊരുക്കുന്നതിനാണ് മൈലാഞ്ചിക്ക് പ്രാധാന്യം കല്‍പ്പിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ മൈലാഞ്ചിയെന്ന പേര് മാറ്റി മെഹന്തി എന്ന് ഓമനത്തത്തോടെ വിളിച്ച് സുന്ദരിമാര്‍ മൈലാഞ്ചിയെ ഫാഷന്‍ പ്രപഞ്ചത്തിലേക്ക് പറിച്ചുനട്ടു. പണ്ട് തൊടിയില്‍ നിന്നും മൈലാഞ്ചിയില നുള്ളിയെടുത്ത് അമ്മിക്കല്ലില്‍ അരച്ച്, തങ്ങള്‍ക്കറിയാവുന്ന ചിത്രങ്ങള്‍ കൈവെള്ളയില്‍ കോറിയിടുകയെന്നത് ഗൃഹാതുരത്വം നിറയ്ക്കുന്ന ഓര്‍മ്മയാണ്.
അരയ്ക്കുക എന്നാല്‍ അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല, കുഴമ്പു പരുവമായാലേ കൈവെള്ളയ്ക്കകം അണിയിച്ചൊരുക്കാനാകൂ, അമ്മിക്കല്ലില്‍ അരയ്ക്കുന്നതിന് അമ്മയുടെ തല്ല് വേറെയും. ഇന്നിപ്പോള്‍, വസ്ത്രങ്ങളിലും മറ്റ് മേക്കപ്പ് ഇനങ്ങളിലും പുത്തന്‍ ഫാഷനുകള്‍ മാറിവരുന്നതിനൊപ്പം തിരക്കേറിയ യുവത്വം ഇന്‍സ്റ്റന്റ് മൈലാഞ്ചിയെന്ന മെഹന്തിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. മെഹന്തിയിടുന്നതിന് ഇപ്പോള്‍ തൊടിയിലും പറമ്പിലും പോകേണ്ട ആവശ്യമില്ല. ഫാന്‍സിസ്‌റ്റോറുകളില്‍ കോണ്‍ ആകൃതിയില്‍ 'റെഡിമെയ്ഡ്' ആയി മൈലാഞ്ചി ലഭിക്കും. വളരെ തുച്ഛമായ വിലയ്ക്ക് അതിമനോഹരമായ ഡിസൈനുകള്‍ വരച്ച് കൈവെള്ള സുന്ദരമാക്കാം. മുമ്പ് മുസ്ലീം കല്യാണങ്ങള്‍ക്കും വിശേഷാവസരങ്ങള്‍ക്കുമാണ് മൈലാഞ്ചി കൂടുതലായി ഉപയോഗിച്ചിരുന്നെങ്കിലും, ഇപ്പോള്‍ വിവാഹവേളയില്‍ സുന്ദരിമാര്‍ ആയിരക്കണക്കിന് രൂപയാണ് തന്റെ ഇരുകൈകളും കാല്‍പ്പാദങ്ങളും മെഹന്തിയുടെ വര്‍ണ്ണപ്രപഞ്ചത്തില്‍ അണിയിച്ചൊരുക്കുന്നതിനായി ചിലവാക്കുന്നത്. വിശേഷാവസരങ്ങളില്‍ മാത്രമല്ല, കോളേജില്‍ അടിച്ചുപൊളിച്ച് നടക്കുന്ന സുന്ദരിമാര്‍ക്കും മെഹന്തിയുപയോഗിച്ച് പുത്തന്‍ ഡിസൈനുകള്‍ പരീക്ഷിക്കാം. പാര്‍ട്ടികളിലും വിവാഹാവസരങ്ങളിലും കൂടുതല്‍ തിളങ്ങാന്‍ പലനിറങ്ങളില്‍ തിളക്കമാര്‍ന്ന ഡിസൈനുകള്‍ ലഭ്യമാണ്. ഇവ വാങ്ങി കൈത്തലങ്ങളില്‍ ഒട്ടിച്ചുവയ്‌ക്കേണ്ടതേയുള്ളൂ.
മെഹന്തിയിട്ട കൈകള്‍ക്ക് ഇവ കൂടുതല്‍ അഴകേകുന്നു. മോഡേണ്‍ വസ്ത്രങ്ങള്‍ക്കൊപ്പം കൈത്തലത്തില്‍ മെഹന്തിയണിയുന്നത് ട്രെന്‍ഡി ലുക്ക് നല്‍കും. അല്‍പ്പം കരവിരുത് കൈമുതലായുണ്ടെങ്കില്‍ മനോഹരമായ ധാരാളം മെഹന്തി പാറ്റേണുകള്‍ സ്വന്തമായിത്തന്നെ വരയ്ക്കാനാകും. കല്യാണപ്പെണ്ണിനായി മാത്രം ബ്രൈഡല്‍ ഡിസൈനുകള്‍ വിപണിയില്‍ ലഭ്യമാണ്. മാത്രമല്ല അറബിക്, പീകോക്ക് ഡിസൈനുകള്‍, ചോപ്പര്‍ ഡിസൈനുകള്‍ എന്നിങ്ങനെ ധാരാളം മറ്റ് ഡിസൈനുകളും ലഭ്യമാണ്. കോണാകൃതിയിലുള്ളതിനാല്‍ മെഹന്തി കൂടുതല്‍ പൂര്‍ണ്ണതയോടെ ഇടാനാകും. മെഹന്തിയിട്ടതിനുശേഷം നാരങ്ങാനീരില്‍ പഞ്ചസാര ലയിപ്പിച്ച പാനീയം അല്‍പ്പം പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കും. മെഹന്തി ഉണങ്ങുന്നതനുസരിച്ച് രണ്ടുമൂന്നു തവണ ഇപ്രകാരം ചെയ്യാം. ചുവന്ന നിറത്തിലുള്ള മെഹന്തികളായിരുന്നു ഒരുകാലത്ത് ട്രെന്‍ഡ്. എന്നാല്‍ ഇപ്പോള്‍ യുവത്വം വൈറ്റ് മെഹന്തിക്ക് പിന്നാലെയാണ്. കല്യാണപ്പെണ്ണ് പോലും തിരഞ്ഞെടുക്കുന്നത് വെള്ള മെഹന്തിയാണ്. വാട്ടര്‍ പ്രൂഫും ലുക്കും നല്‍കുന്ന ഇത്തരം മെഹന്തികള്‍ വിപണിയിലും സുലഭം. സാധാരണ മെഹന്തികള്‍ കുറച്ചുദിവസം കഴിയുമ്പോള്‍ പാടുകളായി കൈകളില്‍ ഭംഗിയില്ലാതെ നില്‍ക്കും. വൈറ്റ് മെഹന്തിക്ക് അത്തരത്തിലുളള പ്രശ്‌നം വരുന്നില്ല. വൈറ്റ് മെഹന്തികള്‍ക്ക് ഇടയില്‍ സ്‌റ്റോണുകള്‍ വെച്ച് മനോഹരമാക്കുന്ന രീതിയും ഉണ്ട്.

Write A Comment

 
Reload Image
Add code here