ഉഴുന്നുവട വീട്ടില്‍ ഉണ്ടാക്കാം

Tue,Jan 30,2018


ചായയ്‌ക്കൊപ്പം ഉഴുന്നുവട കഴിക്കാന്‍ കൊതിയുണ്ടോ?
സമയമുണ്ടെങ്കില്‍ ഏതെങ്കിലും ഹോട്ടലില്‍ പോയി കഴിക്കുന്നതിലും നല്ലതു വീട്ടില്‍ ഉണ്ടാക്കുന്നതല്ലേ..?
ഉണ്ടാക്കുന്ന വിധം പറഞ്ഞു തരാം. എല്ലാവര്ക്കും അറിയാവുന്നതാണ് എങ്കിലും ഞാന്‍ ഉണ്ടാക്കിയ രീതി ഒന്ന് കേട്ട് നോക്ക്...
ഇഷ്ട്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് ഒന്ന് ഉണ്ടാക്കി നോക്കണല്ലോ... അപ്പോള്‍ തുടങ്ങാം അല്ലെ?

ഉഴുന്നുവട:

ഉഴുന്ന് - അരകിലോ
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക്- 5 എണ്ണം
ചെറിയ ഉള്ളി - 15 എണ്ണം
കുരുമുളക് ചതച്ചത് - ഒന്നര ടീ സ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
ഉപ്പ് പാകത്തിന്
എണ്ണ വട വറത്തു കോരാന്‍
വെള്ളം ഉഴുന്ന് അരയ്ക്കാന്‍ പാകത്തിന്

ഇനി ഉഴുന്നുവട ഉണ്ടാക്കുന്ന വിധം:

ഉഴുന്ന് മൂന്നു മണിക്കൂര്‍ കുതിരാന്‍ ഇടുക. മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ നല്ലതു പോലെ അരച്ച് എടുക്കുക. അരക്കുമ്പോള്‍ മാവ് വെള്ളമായി പോകാതെ പേസ്റ്റ് രൂപത്തില്‍ വേണം അരച്ച് എടുക്കാന്‍ (വെള്ളം കൂടി പോകാതെ നോക്കണം).
ഗ്രൈന്‍ഡറിലോ, ആട്ടുകല്ലിലോ അരയ്ക്കുന്നതാണ് നല്ലതു എങ്കിലും മിക്‌സിയിലും അരക്കാം. മിക്‌സിയില്‍ അരക്കുമ്പോള്‍ ചെറിയ ജാറില്‍ അല്‍പ്പം അല്‍പ്പം ഉഴുന്ന് ഇട്ടു അരച്ചെടുക്കുക. തണുത്തവെള്ളം വേണം ചേര്‍ത്ത് കൊടുക്കാന്‍.
അങ്ങനെ പേസ്റ്റ് രൂപത്തില്‍ അരച്ച മാവ് നല്ലതുപോലെ ഇളക്കുക. കൈയോ സ്പൂണോ ഉപയോഗിക്കാം. അതിനുശേഷം മൂന്ന് മണിക്കൂര്‍ മാവ് അല്‍പ്പം പുളിക്കാന്‍ വെക്കുക. മൂന്ന് മണിക്കൂറിനു ശേഷം ഇഞ്ചി (ചതച്ചത്), പച്ചമുളക്, ഉള്ളി, കറിവേപ്പില (അരിഞ്ഞത്), കുരുമുളക്, ഉപ്പു എന്നിവ ചേര്‍ത്ത് നല്ലതു പോലെ മാവ് ഇളക്കുക. എന്നിട്ട് കൈയില്‍ വെള്ളം പുരട്ടി മാവു എടുത്തു നടുക്ക് തുളയിട്ടു എണ്ണയില്‍ വറത്തു കോരുക.
ഉഴുന്നുവട റെഡി. നല്ല എരിയുള്ള തേങ്ങാ ചമ്മന്തി കൂട്ടി വട കഴിക്കാം... കൂടെ ഒരു നല്ല കാപ്പിയും ആവാം.... അപ്പോള്‍ ഇന്ന് വൈകിട്ട് നിങ്ങള്‍ ഉണ്ടാക്കി നോക്കുമല്ലോ അല്ലെ?
വട ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അരകിലോ ഉഴുന്നില്‍ കുറഞ്ഞത് ഇരുപതു തൊട്ട് ഇരുപത്തിയഞ്ചു വട വരെ ഉണ്ടാക്കാന്‍ പറ്റും. വടയില്‍ ഇഞ്ചി അരിഞ്ഞു ഇടുന്നതിലും നല്ലതു ചതച്ചത്തിന് ശേഷം പിച്ചിപ്പറിച്ചു ഇടുന്നതാണ്. കുരുമുളക് ചതച്ചാണ് എടുക്കേണ്ടത്... പൊടിഞ്ഞു പോവല്ലേ... ചെറിയ ഉള്ളി കിട്ടിയില്ല എങ്കില്‍ സവാള ഒരു ഇടത്തരം അരിഞ്ഞു ചേര്‍ക്കാം. ഉള്ളിച്ചേര്‍ത്തില്ലങ്കിലും കുഴപ്പമില്ല.

എരി അനുസരിച്ചു മുളക് കൂട്ടാം കുറക്കാം.
ഇനി അഥവാ വെള്ളം അല്‍പ്പം കൂടി പോയാല്‍ രണ്ട് സ്പൂണ്‍ അരിപ്പൊടി ചേര്‍ത്താല്‍ മതി. പക്ഷെ അരിപൊടി കൂടിയാല്‍ വട നല്ല കട്ടിയാക്കും...
അതുകൊണ്ടു അരിപൊടി ചേര്‍ക്കാന്‍ ഇട വരുത്താതെ ഇരിക്കുക. കറിവേപ്പില അരിഞ്ഞു ചേര്‍ത്താല്‍ രുചി കൂടും.
ഉഴുന്ന് കൂടുതല്‍ നേരം കുതിര്‍ന്നാല്‍ എണ്ണ കുടിക്കും. മാവ് അല്‍പ്പം പുളിക്കാതെ ഉടനെ തന്നെ ഉണ്ടാക്കിയാല്‍ വടയ്ക്ക് ഉഴുന്നിന്റെ കൈയ്പ് ഉണ്ടാകും.

Write A Comment

 
Reload Image
Add code here