വറുത്തെടുത്ത അയലമീന്‍ കറി

Tue,Sep 27,2016


ചേരുവകള്‍:
അയല മീന്‍ - അര കിലോ , ഉലുവ - അര ടീസ്പൂണ്‍ , സവാള കനം കുറച്ച് നീളത്തില്‍ അരിഞ്ഞത് - 1 , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍ , ചൊറുക്ക (വിനാഗിരി) - 1 ടീസ്പൂണ്‍ , തേങ്ങ അരച്ചെടുത്തത് - 1 മുറി , മല്ലിപ്പൊടി - 1 ടീസ്പൂണ്‍ , മഞ്ഞള്‍പൊടി - 2 ടീസ്പൂണ്‍ , കുടംപുളി - 2 കഷണം , വെളിച്ചെണ്ണ - 3 ടീസ്പൂണ്‍ , പച്ചമുളക് നീളത്തില്‍ അരിഞ്ഞെടുത്തത് - 4 , മുളകുപൊടി - 4 ടീസ്പൂണ്‍ , ഉപ്പ് - ആവശ്യത്തിന് .
പാകം ചെയ്യേണ്ടവിധം:
ആദ്യം തന്നെ മീന്‍ കഴുകി വൃത്തിയാക്കി വരഞ്ഞ് കഷണങ്ങളാക്കി വയ്ക്കുക. 2 ടീസ്പൂണ്‍ മുളകുപൊടിയും 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളം ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി മീനില്‍ തിരുമ്മി ചേര്‍ക്കുക. മീനില്‍ നന്നായി അരപ്പു പിടിക്കാനായി മാറ്റി വയ്ക്കുക. ഒരു പാത്രത്തില്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 ടീസ്പൂണ്‍ വിനാഗിരി, 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി, 2 ടീസ്പൂണ്‍ മുളകുപൊടി, 1 ടീസ്പൂണ്‍ മല്ലിപ്പൊടി, 2 ടീസ്പൂണ്‍ വെളിച്ചെണ്ണ, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് കൈകൊണ്ട് നന്നായി തിരുമ്മി ഉടയ്ക്കുക. ഇനി പാനില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മീന്‍ പച്ചപ്പ് മാറുന്നതുവരെ മാത്രം വേവിച്ചെടുത്ത് മാറ്റിവയ്ക്കുക. മീന്‍ നന്നായി മൊരിയേണ്ട ആവശ്യമില്ല. ഇനി നേരത്തേ തിരുമ്മി വച്ചിരിക്കുന്ന ചേരുവകള്‍ അര കപ്പ് വെള്ളവും ഒഴിച്ച് മണ്‍കറിച്ചട്ടിയില്‍ അടുപ്പില്‍ വയ്ക്കുക. അതിലേക്ക് കഴുകി വച്ചിരിക്കുന്ന കുടംപുളി കൂടി ഇടുക.
കറി തിളച്ചു തുടങ്ങുമ്പോള്‍ വറുത്ത് മാറ്റി വച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. കറി ഒന്നുകൂടി നന്നായി തിളച്ചുവരുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. കറി കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. വീണ്ടും പാന്‍ അടുപ്പില്‍ വയ്ക്കുക. പാന്‍ ചൂടാകുമ്പോള്‍ 1 ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിഞ്ഞാല്‍ ഉലുവയും കറിവേപ്പിലയും ഇടുക. ഉലുവ ചുവന്നു വരുമ്പോള്‍ വാങ്ങിവച്ചിരിക്കുന്ന കറിയിലേക്ക് ചേര്‍ക്കുക. വറുത്തെടുത്ത അയലമീന്‍ കറി തയ്യാര്‍.

Write A Comment

 
Reload Image
Add code here