നാഫ്ത അനിശ്ചിതത്വം കനേഡിയന്‍ ഉപഭോക്താക്കളെ ബാധിക്കും

Sat,Sep 08,2018


സാധാരണ ഗതിയില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ വ്യാപാര ഉടമ്പടികള്‍ക്കായി നടത്തുന്ന ചര്‍ച്ചകള്‍ ഉപഭോക്താക്കള്‍ക്ക് ഗുണകരമായിട്ടാണ് ഭവിക്കാറുള്ളത്. പരസ്പരമുള്ള വ്യാപാര വിലക്കുകള്‍ നീക്കം ചെയ്യുമ്പോള്‍ കൂടുതല്‍ മത്സരമുണ്ടാകുകയും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ സാധനങ്ങള്‍ ഉണ്ടാകുകയും വിലകള്‍ കുറയുകയുമാണ് ചെയ്യുന്നത്. എന്നാലിപ്പോള്‍ നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് (നാഫ്ത) കൂടിയാലോചനകളില്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രമ്പ് നിശ്ചയിക്കുന്ന അമേരിക്കന്‍ പക്ഷത്തിന്റെ അജണ്ട ചര്‍ച്ചകളില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വം പുതിയൊരു കരാര്‍ ഉണ്ടായാലും അത് ഉപഭോക്താക്കള്‍ക്ക് ആത്യന്തികമായി ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുഎസിന്റെ സംരക്ഷണ നടപടികള്‍ ചിലവുകള്‍ ഉയര്‍ത്തുകയും അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായും നിലവിലുള്ള സ്ഥിതിയെ അപേക്ഷിച്ചു ഉപഭോക്താക്കള്‍ കൂടുതല്‍ വഷളായ അവസ്ഥ അവര്‍ക്കു അനുഭവപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസിന് അനുകൂലമായ കരാര്‍ രൂപപ്പെടുത്തുന്നതിനാണ് ട്രമ്പ് ശ്രമിക്കുന്നത്.

ഉദാഹരണത്തിന് വ്യാപാര തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുള്ള സംവിധാനമേ വേണ്ടാ എന്ന നിലപാടിലാണ് ട്രമ്പ്. അത് കൂടാതെ പറ്റില്ല എന്ന നിലപാടാണ് കാനഡയുടേത്. ട്രമ്പ് ചട്ടങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ല. അതുകൊണ്ടാണ് തര്‍ക്കപരിഹാരത്തിനുളള ചാപ്റ്റര്‍ 19 ചട്ടങ്ങള്‍ വേണമെന്ന് നിര്‍ബ്ബന്ധിക്കുന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. നേരത്തെ ഉണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍, പ്രത്യേകിച്ച് കനേഡിയന്‍ സോഫ്റ്റ് വുഡ് സംബന്ധിച്ചവ, സ്വതന്ത്ര പാനലുകള്‍ക്കു മുമ്പില്‍ എത്തിക്കാനും പരിഹരിക്കാനും കഴിഞ്ഞിട്ടുള്ളത് തര്‍ക്കപരിഹാര സംവിധാനം ഉണ്ടായിരുന്നതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡയ്ക്കും യുഎസിനും മെക്‌സിക്കോയ്ക്കും ഗൂണകരമായ കരാറാണ് ഉണ്ടാകേണ്ടതെന്നും കാനഡയ്ക്ക് ദോഷം ചെയ്യുന്ന കരാറില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നും ട്രൂഡോ ആവര്‍ത്തിക്കുമ്പോള്‍, കാനഡയെ കരാറില്‍ ഉള്‍പ്പെടുത്തേണ്ട ''രാഷ്ട്രീയ അത്യാവശ്യം'' ഇല്ലെന്നും അമേരിക്കയോട് 'നീതി കാട്ടുന്ന' കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ കാനഡ പുറത്താകുമെന്നും ട്രമ്പ് ഭീഷണി മുഴക്കുന്നു

വിലകള്‍ കൂടും
കാനഡക്കാര്‍ക്ക് ഏറ്റവുമധികം ചിലവ് വര്‍ദ്ധിക്കുന്നത് വാഹനം വാങ്ങുന്നതിനായിരിക്കും. യുഎസും മെക്‌സിക്കോയും തമ്മില്‍ കഴിഞ്ഞയാഴ്ച ഉണ്ടാക്കിയ പ്രാഥമിക ധാരണ പ്രാവര്‍ത്തികമായാല്‍ വടക്കേ അമേരിക്കയില്‍ വില്‍ക്കുന്ന ഏതൊരു വാഹനത്തിന്റെയും 75% പാര്‍ട്‌സുകള്‍ മെക്‌സിക്കോയിലോ യുഎസിലോ നിര്‍മ്മിച്ചവയായിരിക്കണം. നിലവിലുള്ള കരാര്‍ പ്രകാരം 62% പാര്‍ട്‌സുകള്‍ യുഎസിലോ മെക്‌സിക്കോയിലോ കാനഡയിലോ നിര്‍മ്മിച്ചവയായിരിക്കണമെന്നായിരുന്നു. തൊഴില്‍ മാനദണ്ഡങ്ങളിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. യുഎസില്‍ വില്‍ക്കുന്ന കാറുകളുടെ പാര്‍ട്‌സുകളില്‍ 40-45%വും മണിക്കൂറില്‍ ചുരുങ്ങിയത് 16 യുഎസ് ഡോളര്‍ വേതനം പാറ്റുന്ന തൊഴിലാളികള്‍ നിര്‍മ്മിച്ചതായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നാഫ്ത ചര്‍ച്ചകളുടെ ലക്ഷ്യം ചട്ടങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും വടക്കേ അമേരിക്കന്‍ വാഹന നിര്‍മ്മാണ വ്യവസായത്തില്‍ ചിലവുകള്‍ കുറയ്ക്കുന്ന വിധത്തില്‍ കൂടുതല്‍ ഏകീകരണ സ്വഭാവം ഉണ്ടാക്കുകയും ചെയ്യുക എന്നതായിരുന്നുവെങ്കില്‍ അത് ഉപഭോക്താക്കള്‍ക്ക് ഗുണകരമായി മാറുമായിരുന്നു. എന്നാല്‍ മെക്‌സിക്കോയും യുഎസും തമ്മിലുണ്ടാക്കിയിട്ടുള്ളതായ ധാരണ അങ്ങനെയുള്ള ഒന്നല്ല. അതിന്റെ വിശദ വിവരങ്ങള്‍ അറിവായിട്ടില്ലെങ്കിലും വാഹന നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ സങ്കീര്‍ണ്ണമായ വ്യാപാര ചട്ടങ്ങളെയായിരിക്കും നേരിടേണ്ടിവരിക. അത് വാഹന നിര്‍മ്മാണത്തിന്റെ ചിലവുകള്‍ ഉയര്‍ത്തുന്നതിനാല്‍ ആത്യന്തികമായി ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കും. വിലകള്‍ കുറയുകയല്ല, കൂടാനാണ് പോകുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ യുഎസും മെക്‌സിക്കോയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമുണ്ടാകുന്ന പരിഷ്‌ക്കരിച്ച നാഫ്ത കരാര്‍ കാരണം ഉപഭോക്താക്കള്‍ കൂടുതല്‍ വില നല്‍കേണ്ടിവരുമെന്ന വാദത്തോട് ചില വിദഗ്ധര്‍ യോജിക്കുന്നില്ല. ഉദാഹരണത്തിന് വാഹന നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനം ഉപഭോക്താക്കളെ ബാധിക്കുന്നതല്ല. മെക്‌സിക്കോയില്‍ തൊഴിലാളികളുടെ വേതനം ഉയര്‍ത്തുന്നതിലൂടെ യുഎസിന് നഷ്ടപ്പെട്ട വാഹന നിര്‍മ്മാണ വ്യവസായം തിരിച്ചുകൊണ്ടുവരുന്നതിനു സഹായിക്കും. കുറഞ്ഞ കൂലിക്ക് പണിയെടുപ്പിക്കാന്‍ കഴിയുന്ന സ്ഥലം എന്ന ആകര്‍ഷണീയത മെക്‌സിക്കോക്ക് നഷ്ടമാകും. അത് വിലയില്‍ വര്‍ദ്ധനവുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും യുഎസിലെയും കാനഡയിലെയും വാഹന നിര്‍മ്മാതാക്കള്‍ മെക്‌സിക്കോയിലേക്കു പോകുന്ന പ്രവണത അവസാനിക്കുക മാത്രമാകും ചെയ്യുകയെന്നും അവര്‍ പറയുന്നു. ക്ഷീരോല്‍പ്പന്നങ്ങളുടെ മേഖലയിലായിരിക്കും ഉപഭോക്താക്കള്‍ക്ക് കുറെ നേട്ടമുണ്ടാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എതിര്‍ക്കുന്നുണ്ടെങ്കിലും പുതിയ നാഫ്ത കരാറില്‍ ക്ഷീരോല്‍പ്പന്നങ്ങളുടെ വിതരണത്തില്‍ കാനഡ സ്വീകരിക്കുന്ന സംരക്ഷണ നടപടികള്‍ ഇല്ലാതെയായാല്‍ യുഎസില്‍നിന്നുമുള്ള മത്സരം ശക്തമാകുകയും അത് ക്ഷീരോല്‍പ്പന്നങ്ങളുടെ വില കുറയുന്നതിന് ഇടയാക്കുകയും ചെയ്യും. അങ്ങനെയാണെങ്കില്‍പ്പോലും അതിന്റെ നേട്ടങ്ങള്‍ അനുഭവപ്പെടുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഔഷധങ്ങളുടെ മേഖലയാണ് മറ്റൊന്ന്. യുഎസും മെക്‌സിക്കോയും തമ്മിലുണ്ടാക്കിയ കരാര്‍ വന്‍കിട ഔഷധ നിര്‍മ്മാതാക്കള്‍ക്ക് ബയോളജിക് ഔഷധങ്ങള്‍ക്ക് 10 വര്‍ഷത്തെ സംരക്ഷണം നല്‍കുന്നുണ്ട്. ഇത്തരം സംരക്ഷണം ലഭിക്കുന്ന ഔഷധങ്ങളുടെ പട്ടിക വലുതാക്കിയിട്ടുമുണ്ട്. ഔഷധ നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന പേറ്റന്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നത് ഔഷധങ്ങള്‍ക്ക് വില ഉയരുന്നതിനു ഇടയാക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കാനഡയില്‍ ബയോളജിക്കല്‍ ഔഷധങ്ങള്‍ക്ക് 8 വര്‍ഷത്തേക്ക് ജനറിക് ഔഷധങ്ങളുടെ മത്സരത്തില്‍നിന്നും സംരക്ഷണം നല്‍കുന്നുണ്ട്. പേറ്റന്റ് നല്‍കിയിട്ടുള്ള 10 ഔഷധങ്ങളില്‍ കാനഡയില്‍ കഴിഞ്ഞ വര്‍ഷം വളര്‍ച്ച കൈവരിച്ച 7 ഔഷധങ്ങളും ബയോളജിക്കല്‍ ആയിരുന്നു. കാനഡയില്‍ പേറ്റന്റ് ലഭിച്ചിട്ടുള്ള ഔഷധങ്ങളുടെ വിപണി 16.8 ബില്യണ്‍ ഡോളറിന്റേതാണ്. ആഗോള വ്യാപാരത്തിന്റെ കാര്യത്തില്‍ ട്രമ്പ് സൃഷ്ടിച്ചിട്ടുള്ള അനിശ്ചിതത്വം കനേഡിയന്‍ ഉപഭോക്താക്കളെ ഇപ്പോള്‍ത്തന്നെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കുറെ കാലത്തേക്കുകൂടി അത് അനുഭവപ്പെടുകയും ചെയ്യുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

Other News

 • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
 • വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
 • ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
 • പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം
 • കാനഡയിലെ സങ്കീര്‍ണ്ണ നികുതി വ്യവസ്ഥ കുരുക്കാകുന്നു
 • ആല്‍ബര്‍ട്ടയില്‍ യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലേക്ക്, ജാസണ്‍ കെന്നി പ്രീമിയറാകും
 • തൊഴിലന്വേഷകർക്ക് പ്രതീക്ഷയായി കാനഡയുടെ ജിടിഎസ് പദ്ധതി
 • സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശം കാനഡ ഔദ്യോഗിക രേഖയില്‍നിന്ന് നീക്കി; ഇന്ത്യയ്ക്ക് പ്രതിഷേധം
 • കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബ് പ്രര്‍ത്തനമാരംഭിച്ചു
 • കനേഡിയന്‍ അലൂമിനിയത്തിനും സ്റ്റീലിനും നികുതി ഏര്‍പ്പെടുത്തിയ നടപടി യൂ.എസ് പിന്‍വലിക്കണമെന്ന് കാനഡ
 • അര്‍ബുദകോശത്തെ കൊല്ലാന്‍ റോബോട്ടിക് സംവിധാനം
 • Write A Comment

   
  Reload Image
  Add code here