നാഫ്ത: മെക്‌സിക്കോ വഴങ്ങി; കാനഡക്കുമേല്‍ സമ്മര്‍ദ്ദം

Mon,Sep 03,2018


മെക്‌സിക്കോയുമായുമുള്ള നാഫ്ത ചര്‍ച്ചകളില്‍ ട്രമ്പ് ഭരണസകൂടം വലിയൊരു മുന്നേറ്റമുണ്ടാക്കി. അന്തിമ കരാര്‍ രൂപപ്പെടുത്തുന്നതിനുള്ള കൂടിയാലോചനകളിലേക്ക് മടങ്ങിയെത്തുന്നതിനു ഇത് കാനഡയ്ക്കുമേല്‍ സമ്മര്‍ദ്ദമായി മാറിയിരിക്കുന്നു. ഒരു കരാര്‍ രൂപപ്പെടുത്തുന്നതിന് വലിയ തടസ്സമായി നിലകൊണ്ടിരുന്ന വാഹനങ്ങളുടെ പാര്‍ട്‌സുകള്‍, ഉഭയകക്ഷി വ്യാപാരത്തില്‍ നിലനിന്നിരുന്ന മറ്റു ചില പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മെക്‌സിക്കോയും യുഎസും ധാരണയിലെത്തിയത്. 'മെക്‌സിക്കോയ്ക്ക് നല്ലതായ വലിയൊരു കരാര്‍' എന്നായിരുന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ട്വീറ്റ് ചെയ്തത്. ഓവല്‍ ഓഫിസില്‍ കരാറിന്റെ വിവരങ്ങള്‍ ട്രമ്പ് പ്രഖ്യാപിക്കുമ്പോള്‍ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നിയറ്റോ സ്പീക്കര്‍ ഫോണിലൂടെ അതില്‍ പങ്കുചേര്‍ന്നു.

മാന്യമായ രീതിയില്‍ കൂടിയാലോചനകള്‍ നടത്താന്‍ കാനഡയോട് ട്രമ്പ് ആവശ്യപ്പെട്ടു. പ്രത്യേകിച്ചും ക്ഷീരോല്‍പ്പന്നങ്ങളുടെ കാര്യത്തിലാണ് വിട്ടുവീഴ്ചകള്‍ ഉണ്ടാകേണ്ടത്. താന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് കനേഡിയന്‍ കൂടിയാലോചകര്‍ വഴങ്ങാത്തപക്ഷം കാനഡയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുമെന്ന ഭീഷണിയും ട്രമ്പ് മുഴക്കി. നാഫ്ത കരാറില്‍ പങ്കാളികളായ മൂന്നു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഒരു വര്‍ഷത്തിലേറെയായി തുടരുകയായിരുന്നു. 1994ല്‍ രൂപപ്പെടുത്തിയ കരാറില്‍ നിന്നും പിന്മാറുമെന്ന് ട്രമ്പ് ആവര്‍ത്തിച്ചു മുഴക്കിയ ഭീഷണികള്‍ ധനവിപണികളില്‍ അതിന്റേതായ ചലനങ്ങളുണ്ടാക്കുകയും മെക്‌സിക്കന്‍ പെസോയുടെയും കനേഡിയന്‍ ഡോളറിന്റെയും മൂല്യത്തില്‍ ഇടിവ് സംഭവിക്കുന്നതിന് ഇടയാക്കുകയും ചെയ്തു.

കാനഡയും മെക്‌സിക്കോയും തമ്മിലുള്ള ചര്‍ച്ചകളില്‍ വാഹന നിര്‍മ്മാണ വ്യവസായത്തിനാണ് ഊന്നല്‍ നല്‍കിയത്. കരാര്‍ പുതുക്കുന്നതിന് അമേരിക്കന്‍ തൊഴിലാളികള്‍ക്ക് ദുരന്തമായി മാറിയ വ്യവസ്ഥകള്‍ പൊളിച്ചെഴുതണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടു. പല പ്രധാന പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതെ അവശേഷിക്കുകയാണ്. തര്‍ക്കപരിഹാരം സംബന്ധിച്ച 19, 20 ചാപ്റ്ററുകള്‍, അമേരിക്കന്‍ ഗവണ്മെന്റ് കരാറുകള്‍ നേടുന്നതില്‍ കാനഡയിലെയും മെക്‌സിക്കോയിലെയും കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക്, അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കാത്തപക്ഷം കരാര്‍ സ്വയം ഇല്ലാതെയാകുമെന്ന 'സണ്‍ സെറ്റ്' വ്യവസ്ഥ എന്നിവയെല്ലാം വലിയ തര്‍ക്കവിഷയങ്ങളാണ്. കാനഡ കൂടിയാലോചനകളിലേക്ക് തിരിച്ചെത്തുമ്പോള്‍ ഇവയെല്ലാം പരിഹരിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ചര്‍ച്ചകളില്‍നിന്നും കാനഡ വിട്ടുനിന്നപ്പോള്‍ യുഎസും മെക്‌സിക്കോയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഭിന്നതകള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

വാഹന നിര്‍മ്മാണ മേഖലയില്‍ യുഎസ് ഉന്നയിക്കുന്നതായ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കാനഡ സമ്മതിച്ചിരുന്നു. എന്നാല്‍ മെക്‌സിക്കോ ചെറുത്തുനിന്നു. മെക്‌സിക്കോ കയറ്റുമതി ചെയ്യുന്ന കാറുകളില്‍ 40-45 ശതമാനം അമേരിക്കയിലെതിന് തുല്യമായ വേതനം നല്‍കി നിര്‍മ്മിക്കുന്നവ ആയിരിക്കണമെന്ന യുഎസ് ആവശ്യത്തെ മെക്‌സിക്കോ ചെറുത്തു. ഇത് മെക്‌സിക്കോയിലെ തൊഴിലുകള്‍ തട്ടിയെടുക്കുന്നതിനുള്ള യുഎസിന്റെ തന്ത്രമായിട്ടാണ് മെക്‌സിക്കോ വിലയിരുത്തിയത്. യുഎസില്‍ ഒരു മണിക്കൂറിനു ഒരു തൊഴിലാളിക്ക് 16 ഡോളര്‍ വേതനം ലഭിക്കുമ്പോള്‍ മെക്‌സിക്കോയില്‍ അത് 4 ഡോളര്‍ മാത്രമാണ്.

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പാര്‍ട്‌സുകളുടെ 75%വും യുഎസിലും മെക്‌സിക്കോയിലും കാനഡയിലുമായി നിര്‍മ്മിച്ചവ ആയിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. നിലവില്‍ ഇത് 62.5%മാണ്. വാരാന്ത്യത്തോടെ കാനഡയുമായി ഒരു പൂര്‍ണ്ണ കരാര്‍ രൂപപ്പെടുത്താന്‍ കഴിയുമെന്നാണ് യുഎസും മെക്‌സിക്കോയും പ്രതീക്ഷിക്കുന്നത്. അതിനു കഴിഞ്ഞാല്‍ മെക്‌സിക്കന്‍ പ്രസിഡന്റ് നിയറ്റോ സ്ഥാനം ഒഴിയുന്നതിനു മുമ്പുതന്നെ കരാറില്‍ ഒപ്പുവയ്ക്കുന്നതിനു കഴിയും. ഡിസംബര്‍ ഒന്നിനാണ് പുതിയ പ്രസിഡന്റിന് അദ്ദേഹം അധികാരം കൈമാറുന്നത്. യുഎസ് നിയമമനുസരിച്ച് വോട്ടിനിടുന്നതിനു 90 ദിവസങ്ങള്‍ക്കു മുമ്പ്തന്നെ കരാര്‍ വിജ്ഞാപനം ചെയ്യേണ്ടതാണ്.

യുഎസും മെക്‌സിക്കോയും തമ്മില്‍ എത്തിച്ചേര്‍ന്ന കരാര്‍ സ്വീകരിക്കാന്‍ കാനഡക്കുമേല്‍ സമ്മര്‍ദ്ദമേറുന്ന സ്ഥിതി ഉണ്ടാകുമെന്നാണ് നിരീക്ഷകര്‍ ഭയക്കുന്നത്. കാനഡക്ക് ഗുണകരമായ ഒരു കരാറില്‍ മാത്രമേ ഒപ്പുവയ്ക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിട്ടുണ്ട്. വിദേശമന്ത്രി ക്ര്യസ്റ്റിയ ഫ്രീലാന്‍ഡിന്റെ വക്താവും അതെ നിലപാട് ആവര്‍ത്തിച്ചു. കൂടിയാലോചനകള്‍ തുടരും. എന്നാല്‍ കാനഡയ്ക്ക് ഗുണകരമാകുന്ന കരാറില്‍ മാത്രം ഒപ്പുവയ്ക്കും. ഒരു ട്രില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഒരു വര്‍ഷം യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ മൂന്നു രാജ്യങ്ങളും തമ്മില്‍ നടക്കുന്നത്. യുഎസും മെക്‌സിക്കോയും ധാരണയിലെത്തിയതായുള്ള പ്രഖ്യാപനം ധനവിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി സംസാരിക്കുമെന്ന് ട്രമ്പ് പറഞ്ഞു. മൂന്നു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ വെള്ളിയാഴ്ച രൂപപ്പെടുത്താന്‍ കഴിയുമെന്ന് യുഎസ് ട്രേഡ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ട്രൂഡോ ഞായറാഴ്ച മെക്‌സിക്കന്‍ പ്രസിഡന്റ് നിയറ്റോയുമായി സംസാരിച്ചിരുന്നു. മൂന്നു രാഷ്ട്രങ്ങള്‍ക്കും ഗുണകരമായ കരാറിന് രൂപം നല്‍കാനുള്ള പ്രതിബദ്ധത ഇരുവരും പ്രകടിപ്പിച്ചു. ഈയാഴ്ചതന്നെ അന്തിമ കരാറിന് രൂപം നല്‍കാന്‍ കഴിയുംവിധം കൂടിയാലോചനകളിലേക്കു മടങ്ങാല്‍ കാനഡയോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിയറ്റോ ട്വീറ്റ് ചയ്തു. വിശദ വിവരങ്ങള്‍ പരിശോധിക്കുന്നതേയുള്ളുവെങ്കിലും പുതിയ കരാറിനെക്കുറിച്ചു ശുഭപ്രതീക്ഷയാണുള്ളതെന്ന് അമേരിക്കന്‍ ഓട്ടോമെറ്റിവ് പോളിസി കൗണ്‍സില്‍ പ്രസിഡന്റ് മാറ്റ് ബ്ലാന്‍ഡ് പറഞ്ഞു. ജനറല്‍ മോട്ടോഴ്‌സ്, ഫോര്‍ഡ് മോട്ടോഴ്‌സ്, ഫിയറ്റ് ക്രിസ്ലര്‍ എന്നീ വാഹന നിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പെടുന്ന സംഘടനയാണത്.

യുഎസും മെക്‌സിക്കോയും തമ്മിലുണ്ടാക്കിയ ധാരണ ക്രിയാത്മകമായ ചുവടുവയ്പ്പാണെന്ന് യുഎസ് കോണ്‍ഗ്രസിലെ ചില റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അമേരിക്കയിലെ തൊഴിലുകള്‍ക്ക് കുഴപ്പം വരാത്ത രീതിയില്‍ കാനഡയും കരാറിന്റെ ഭാഗമാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. യുഎസ്-മെക്‌സിക്കോ കരാറായതോടെ മെക്‌സിക്കന്‍ ഓഹരി വിപണിയില്‍ 1.4% വര്‍ദ്ധനവ് അനുഭവപ്പെട്ടു. കഴിഞ്ഞ 7 മാസങ്ങള്‍ക്കിടയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണിത്. അതേപോലെ ഡോളറുമായുള്ള വിനിമയ മൂല്യത്തില്‍ മെക്‌സിക്കന്‍ പെസോ 1.3% നേട്ടമുണ്ടാക്കി.

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here