യുഎസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച് കാനഡക്കാര്‍

Tue,Aug 14,2018


ലോഹങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ തീരുവകളിലും, കനേഡിയന്‍ പ്രധാനമന്ത്രിക്കെതിരെ യുഎസ് പ്രസിഡന്റ് ട്രമ്പ് ഉപയോഗിച്ച പരുഷമായ വാക്കുകളിലും രോഷാകുലരായ കാനഡക്കാര്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനും കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും തുടങ്ങി. മുമ്പ് ഇഷ്ടാനുസരണമുള്ള സാധനങ്ങള്‍ വിലയൊന്നും പരിഗണിക്കാതെ വാങ്ങുക, അല്ലെങ്കില്‍ ഇഷ്ടമൊന്നും കണക്കാക്കാതെ വിലകുറഞ്ഞ സാധനങ്ങള്‍ വാങ്ങുക എന്നതായിരുന്നു രീതി. എന്നാല്‍ തീരുവകള്‍ ഏര്‍പ്പെടുത്തിയ നടപടി ഉറ്റ വ്യാപാര പങ്കാളിയില്‍നിന്നും 'മുഖത്തേറ്റ അടി' ആയിട്ടാണ് കാനഡക്കാര്‍ കാണുന്നത്. അതിനാല്‍ സമീപ ആഴ്ചകളില്‍ ഷോപ്പിങ്ങിനായി പോകുന്നവര്‍ ഉന്തുവണ്ടികളില്‍ കൂടുതലും നിറയ്ക്കുന്നത് കനേഡിയന്‍ ഉല്‍പ്പന്നങ്ങളാണ്.
കാനഡയില്‍നിന്നും കയറ്റുമതി ചെയ്യുന്ന സ്റ്റീലിനു 25%വും അലുമിനിയത്തിനു 10%വും ജൂണ്‍ ഒന്നു മുതല്‍ തീരുവ ചുമത്തി യുഎസ് പ്രഖ്യാപനം നടത്തുകയും, പിറ്റേ ആഴ്ച ജി7 ഉച്ചകോടിക്ക് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ട്വിറ്ററിലൂടെ 'തീരെ വിശ്വാസ്യത ഇല്ലാത്തവനെ'ന്നും 'ദുര്‍ബ്ബലനെ'ന്നും ട്രമ്പ് ആക്ഷേപിക്കുകയും ചെയ്തതിനു ശേഷമാണ് യുഎസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതിനും കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുമുള്ള പ്രവണത ശക്തിപ്പെട്ടത്. ഓറഞ്ച് ജ്യൂസ്, യോഗര്‍ട്ട് തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെ ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടിയെന്ന നിലയില്‍ കാനഡയും തീരുവകള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. തദ്ദേശീയമായ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വാങ്ങുന്നതിനായി തിരക്കുകൂട്ടുന്ന കാനഡക്കാരെ പക്ഷേ, ഒരു പ്രശ്‌നം വല്ലാതെ കുഴപ്പിക്കുന്നു. എന്താണ് യഥാര്‍ത്ഥ കനേഡിയന്‍? കാനഡ യുഎസിന്റെ വലിയൊരു കയറ്റുമതി വിപണിയാണ്. കാനഡയിലെ പലചരക്കു വ്യാപാരശാലകളിലെ ഷെല്‍ഫുകളില്‍ നിറഞ്ഞിരിക്കുന്ന ഭക്ഷ്യഉല്പന്നങ്ങളില്‍ 40% മുതല്‍ 60% വരെ യുഎസില്‍ നിന്നുമുള്ളവയാണ്. ഇരു രാജ്യങ്ങളുടെയും ഉല്‍പ്പാദന ശൃംഖലകള്‍ ഗാഢമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഒരു പ്രത്യേക ഉല്‍പ്പന്നത്തിന്റെ എത്രത്തോളം ഭാഗം തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ചതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. അതിനാല്‍ ഒരു ഉല്‍പ്പന്നം ബഹിഷ്‌ക്കരിക്കണമോ എന്ന് തീരുമാനിക്കുന്നതിനായി വളരെ തലപുകക്കേണ്ടി വരും.
100%വും കനേഡിയന്‍ ആയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും മറ്റു ഉല്‍പ്പന്നങ്ങളുടെയും പട്ടിക ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വനിത മൗറാറ്റിഡിസ് പറഞ്ഞത് ഓള്‍ഡ് ഡച്ച് ചിപ്‌സ് ഒരു കനേഡിയന്‍ ഉല്‍പ്പന്നമാണെന്നാണ് അവര്‍ കരുതിയതെന്നാണ്; എന്നാല്‍ മിന്നെസോട്ട ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ കാനഡയിലെ സബ്‌സിഡിയറി കമ്പനിയാണ് അതു നിര്‍മിക്കുന്നതെന്ന് അടുത്തിടെയാണ് മനസ്സിലാക്കിയത്. എങ്കിലും കാനഡയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നമെന്ന നിലയില്‍ അവര്‍ അതും പട്ടികയില്‍ ഉള്‍പ്പെടുത്തി. കനേഡിയന്‍ നിര്‍മ്മിത സ്വീറ്റ് പൊട്ടറ്റോകള്‍ക്കായി അലഞ്ഞ മറ്റൊരു വനിത ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന വലിയ കനേഡിയന്‍ കമ്പനിയായ മക്കയിന്‍ ഫുഡ്‌സിന്റെ പാക്കറ്റില്‍ പൊട്ടറ്റോകള്‍ യുഎസില്‍ ഉല്‍പ്പാദിപ്പിച്ചത് എന്ന് രേഖപ്പെടുത്തിയത് കണ്ടതിനാല്‍ വാങ്ങിയില്ല. സ്വീറ്റ് പൊട്ടറ്റോകള്‍ വളരുന്നതിന് അനുകൂലമായ കാലാവസ്ഥയുള്ള യുഎസില്‍നിന്നും അവ ഇറക്കുമതി ചെയ്യുകയാണെന്നാണ് മക്കയിന്‍ കമ്പനിയുടെ വക്താവ് പറഞ്ഞത്. എന്നാല്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി രംഗത്തിറങ്ങിയിട്ടുള്ളവര്‍ വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. അമേരിക്കയുടെ ഹാഗന്‍-ദാസ്സ് ഐസ് ക്രീമിനെതിരെ കാനഡയുടെ കവാര്‍ത ഡയറിയെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചവരോടായി ഹാഗന്‍-ദാസ്സ് ഉല്‍പ്പന്നങ്ങള്‍ കനേഡിയന്‍ തന്നെയാണെന്ന് ഒരു ഫേസ് ബുക്ക് ഉപയോക്താവ് ചൂണ്ടിക്കാട്ടി. കാനഡയില്‍നിന്നുമുള്ള പാലാണ് അതിനായുപയോഗിക്കുന്നതെന്ന് നെസ്‌ലെ കാനഡ സ്ഥിരീകരിച്ചു. എന്തായാലും ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് കവര്‍ത കമ്പനിയുടെ ഐസ്‌ക്രീം എവിടെ ലഭിക്കുമെന്ന് ആരാഞ്ഞുകൊണ്ടുള്ള ധാരാളം ഇ-മെയില്‍ സന്ദേശങ്ങള്‍ കമ്പനിക്കു ലഭിക്കുന്നുണ്ട്. 'കനേഡിയന്‍ വാങ്ങുക' എന്ന പ്രചാരണത്തിന്റെ ഭാഗമായി പല ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യം കൂടിയിട്ടുണ്ട്.
എന്നാല്‍ ഈ പ്രചാരണം ഒട്ടും ബാധിക്കാത്ത മേഖലയാണ് യാത്ര. കുറേപ്പേരെങ്കിലും യുഎസിലേക്കുള്ള യാത്രകള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അതിര്‍ത്തികടന്നു യുഎസിലേക്കുള്ള കാറില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ ജൂണില്‍ ഒരുവര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 12.7% വര്‍ദ്ധനവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Other News

 • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
 • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
 • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
 • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
 • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
 • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
 • ലോമ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
 • കാനഡയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
 • പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍
 • ഇന്ത്യാനോ പിസ ഷോറൂം വിറ്റ്ബീയില്‍ തുറന്നു
 • റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച
 • Write A Comment

   
  Reload Image
  Add code here