സൗദിയുമായുള്ള തര്‍ക്കം: കാനഡയെ ബാധിക്കുമോ?

Sat,Aug 11,2018


സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ച കനേഡിയന്‍ ഗവണ്മെന്റിന്റെ നടപടിയെതുടര്‍ന്ന് സൗദി അറേബ്യ കാനഡയുടെ അംബാസിഡറെ പുറത്താക്കുകയും ആ രാജ്യവുമായുമുള്ള എല്ലാ പുതിയ വ്യാപാര ഇടപാടുകളും മരവിപ്പിക്കുകയും ചെയ്തു. കാനഡയില്‍ നിന്നുമുള്ള ഗോതമ്പും ബാര്‍ലിയും മേലില്‍ വാങ്ങുകയില്ലെന്ന് സൗദി അറേബ്യയിലെ ധാന്യ സംഭരണ ഏജന്‍സിയും അറിയിച്ചു. അതേദിവസംതന്നെ കാനഡയിലെ യുണിവേഴ്‌സിറ്റികളിലും കോളജുകളിലും മറ്റു സ്‌കൂളുകളിലും സൗദി സ്‌പോണ്‍സര്‍ഷിപ്പോടെ പഠിക്കുന്ന സൗദി വിദ്യാര്‍ത്ഥികള്‍ക്ക് പിന്‍വലിക്കുമെന്നും പ്രഖ്യാപിച്ചു. സൗദി ഗവണ്മെന്റിന്റെ സ്‌കോളര്‍ഷിപ്പിന്റെയും ഗ്രാന്റുകളുടെയും പരിശീലന പരിപാടികളുടെയും ഭാഗമായി 15,000 ത്തിലധികം സൗദി വിദ്യാര്‍ഥികള്‍ കാനഡയില്‍ പഠിക്കുന്നുണ്ട്.

ഓഗസ്റ്റ് 13 മുതല്‍ ടൊറന്റോയിലേക്കും തിരിച്ചുമുള്ള എല്ലാ ഫ്‌ളൈറ്റുകളും നിര്‍ത്തിവയ്ക്കുകയാണെന്നു സൗദി അറേബ്യന്‍ എയര്‍ ലൈന്‍സ് പ്രഖ്യാപിച്ചു. പ്രകോപനത്തിനു കാരണം ബ്ലോഗര്‍മാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ സൗദിയിലെ രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്ത തടവിലാക്കിയ നടപടിയെ വിമര്‍ശിച്ചും അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും കാനഡയുടെ ഗ്ലോബല്‍ അഫയേഴ്‌സ് മന്ത്രാലയം നടത്തിയ ട്വീറ്റാണ് സൗദിയെ പ്രകോപിപ്പിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട വനിതകളിലൊരാള്‍ മനുഷ്യാവകാശങ്ങള്‍ക്കായി സമാധാനപരമായുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന ബ്ലോഗറായ റൈഫ് ബദാവിയുടെ സഹോദരി സമര ബദാവിയാണ്. ട്വീറ്റിലെ വാചകങ്ങളില്‍ പ്രതിഷേധിച്ച സൗദിയുടെ വിദേശമന്ത്രാലയം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള കാനഡയുടെ ശ്രമമായി അതിനെ വ്യാഖ്യാനിച്ചു.

ബദാവിയുടെ ഭാര്യ എന്‍സാഫ് ഹൈദര്‍ ഈ വര്‍ഷം കനേഡിയന്‍ പൗരത്വം നേടിയിരുന്നു. മൂന്നു മക്കള്‍ക്കൊപ്പം കാനഡാ ദിനത്തിലാണ് ക്യൂബെക്കിലെ ഷെര്‍ബറൂക്കില്‍ അവര്‍ പൗരത്വ പ്രതിജ്ഞയെടുത്തത്. ബദാവിയുടെ അറസ്റ്റിനുശേഷം ഭര്‍ത്താവിന്റെ മോചനത്തിനായി കാനഡയുടെയും ലോകരാഷ്ട്രങ്ങളുടെയും നേതാക്കളെ അവര്‍ കണ്ടിരുന്നു. സൗദി അറേബ്യയുടെ ഈ അമിത പ്രതികരണം, യുവ രാജകുമാരന്റെ ശക്തിപ്രകടനമായും കാനഡയേക്കാള്‍ സൗദിയുമായി ശക്തമായ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് നേട്ടമുണ്ടാക്കികൊടുക്കുന്നതിനുള്ള തന്ത്രമായും ചില നിരീക്ഷകര്‍ കരുതുന്നു.

നിര്‍ദ്ദിഷ് സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ പ്രചാരണത്തിനും സൗദിയെ 'അടുത്ത യൂറോപ്പാക്കി' മാറ്റുകയെന്ന തന്റെ കാഴ്ചപ്പാട് വിശദീകരിക്കാനുമായി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്തിടെ ഒരു ആഗോള പര്യടനം നടത്തിയിരുന്നു. ഇത്രയും വലിയ ലക്ഷ്യങ്ങളൊക്കെ ഉണ്ടായിട്ടും ചില അയല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ കടന്നാക്രമണസ്വഭാവമുള്ള പ്രവൃത്തികള്‍ ചെയ്യുന്നതും ആഭ്യന്തരമായി മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതുമായ പ്രവൃത്തികള്‍ തുടരുകയാണ് സൗദി അറേബ്യ.

ആരെയാണ് ബാധിക്കുക?
നയതന്ത്ര രംഗത്ത് സൗദി അറേബ്യ കാട്ടുന്ന മുഷ്ടിചുരുട്ടല്‍ കാനഡയേക്കാള്‍ സൗദിയുടെ താല്പര്യങ്ങളെത്തന്നെയാകും ബാധിക്കുക എന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്. നയതന്ത്ര രംഗത്തെ തര്‍ക്കം കാനഡയുടെ സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന സ്വാധീനത്തെ നിസ്സാരവല്‍ക്കരിക്കുന്നതിനാണ് ധനമന്ത്രി ബില്‍ മോര്‍ന്യു ശ്രമിച്ചത്. ലോകത്തൊട്ടാകെ ശക്തമായ ബന്ധങ്ങള്‍ കാനഡയ്ക്കുണ്ടെന്നും മൂല്യങ്ങളില്‍ ഉറച്ചുനിന്ന് മുമ്പോട്ടുപോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വ്യാപാര ഇടപാടുകളെല്ലാം മരവിപ്പിക്കുന്നതിനുള്ള തീരുമാനം കവചിത വാഹനങ്ങള്‍ നല്‍കുന്നതിനായി കാനഡയുമായി സൗദി ഒപ്പുവച്ച 15 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടിന് ഭീഷണിയാകാം. അതേക്കുറിച്ച് ഒന്നുംതന്നെ പറയാറായിട്ടില്ലെന്ന് കനേഡിയന്‍ വിദേശമന്ത്രി ക്ര്യസ്റ്റിയ ഫ്രീലാന്‍ഡ് പ്രതികരിച്ചു.

ഒരു വര്‍ഷം കാനഡയും സൗദി അറേബ്യയും തമ്മിലുള്ളത് 3 ബില്യണ്‍ ഡോളറിനും 4 ബില്യണ്‍ ഡോളറിനും മദ്ധ്യേയുള്ള വ്യാപാര ഇടപാടുകള്‍ മാത്രമാണെന്നു കണക്കാക്കപ്പെടുന്നു. അത് കാനഡയുടെ മൊത്തം വ്യാപാരത്തിന്റെ അര ശതമാനത്തോളമേ വരുകയുള്ളു. കാനഡയുടെ വ്യാപാര ബന്ധങ്ങളില്‍ ഫ്രാന്‍സിനും തായ്‌വാനും പിന്നിലായി 17-ാം സ്ഥാനത്താണ് സൗദിയുള്ളത്.

കാനഡയിലേക്ക് സൗദി കൂടുതലും കയറ്റുമതി ചെയ്യുന്നത് എണ്ണയാണ്. കിഴക്കന്‍ കാനഡയിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ ഒരു ദിവസം സൗദിയില്‍ നിന്നും 75,000-80,000 ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. അതാകട്ടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 10%ത്തില്‍ താഴെ മാത്രമാണ്. സൗദിയില്‍നിന്നും ആകെയുള്ള ഇറക്കുമതിയുടെ മൂന്നില്‍ രണ്ടു ഭാഗവും എണ്ണയായ യുഎസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 'ബക്കറ്റിലെ ഒരുതുള്ളി വെള്ളം' പോലെ മാത്രമേ കാണുകയുള്ളു. അതാകട്ടെ വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര ഉല്‍പ്പാദനംകൊണ്ട് മറികടക്കാന്‍ കഴിയുന്നതുമാണ്.

കാനഡയില്‍നിന്നും മേലില്‍ ഗോതമ്പും ബാര്‍ലിയും വാങ്ങില്ലെന്ന് സൗദി അറിയിച്ചിട്ടുണ്ട്. കാനഡയില്‍നിന്നും സൗദിയിലേക്കുള്ള കയറ്റുമതിയില്‍ ബാര്‍ലി ഗണ്യമായൊരു ഘടകമാണ്. ലോകമൊട്ടാകെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു സംരക്ഷണ നടപടികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനു പകരംവിപണി കണ്ടെത്താന്‍ പ്രയാസമായിരിക്കും. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കു പ്രകാരം 2017ല്‍ 44 മില്യണ്‍ ഡോളറിന്റെ ബാര്‍ലി കാനഡ സൗദിയിലേക്ക് കയറ്റുമതിചെയ്തു. 2016ല്‍ 68,250 ടണ്‍ ഗോതമ്പ് സൗദിയിലേക്ക് കയറ്റുമതി ചെയ്തപ്പോള്‍ 2017ല്‍ കയറ്റുമതി 66,000 ടണ്‍ ആയി കുറഞ്ഞു. 2018ല്‍ ആദ്യത്തെ 5 മാസങ്ങളില്‍ ഒരു കയറ്റുമതിയും ഉണ്ടായില്ല. വര്‍ദ്ധിക്കുന്ന ചിലവുകള്‍ കാരണം യുഎസില്‍നിന്നും കാനഡയില്‍നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത് മദ്ധ്യപൂര്‍വദേശത്തെ രാഷ്ട്രങ്ങള്‍ പൊതുവില്‍ കുറച്ചിരിക്കുകയാണ്. അതേസമയം ചൈന കൂടുതല്‍ ബാര്‍ലി വാങ്ങുകയും ചെയ്യുന്നു. കാനഡക്കു ഗോതമ്പും ബാര്‍ലിയും വില്‍ക്കുന്നതിന് മറ്റിടങ്ങളില്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സൗദിക്കായി ജനറല്‍ ഡയനാമിക്‌സ് ലാന്‍ഡ് സിസ്റ്റംസ് കവചിത വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഒന്റാറിയോവിലെ ലണ്ടനില്‍ ആശങ്ക പരന്നിട്ടുണ്ട്. 'പുതിയ ബിസിനസ് ഇടപാടുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും' ആണ് മരവിപ്പിക്കല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സൗദി ഭരണാധികാരികളുടെ സ്വഭാവം കണക്കാക്കുമ്പോള്‍ നിലവിലുള്ള കരാറുകള്‍ക്കും അത് ബാധകമാകുമോ എന്ന ആശങ്കയുണ്ട്.

2014ല്‍ ഹാര്‍പ്പര്‍ ഗവണ്‍മെന്റാണ് സൗദി ഗവണ്‍മെന്റുമായി സൈനിക വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള 15 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടത്. ഇത് സ്വന്തം രാജ്യത്തെ വിമതരെ അടിച്ചമര്‍ത്താന്‍ സൗദി ഉപയോഗപ്പെടുത്തുമെന്നും കാനഡയുടെ ആയുധ വ്യാപാര ചട്ടങ്ങള്‍ ലംഘിച്ചാണ് കരാറുണ്ടാക്കിയതെന്നുമുള്ള വിമര്‍ശനങ്ങള്‍ അന്നുതന്നെ ഉയര്‍ന്നിരുന്നതാണ്. 15 വര്‍ഷക്കാലത്തേക്കുള്ള കരാറാണ് ജനറല്‍ ഡയനാമിക്‌സ് നേടിയത്. 3000 പേര്‍ ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നു.

ഫ്‌ളൈറ്റ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്നു പറഞ്ഞ സാഹചര്യത്തില്‍ അത് യാത്രയെ ബാധിക്കും. സൗദിയുടെ യാത്രാവിമാനം ടോറോന്റോയില്‍നിന്നും രണ്ടു റൂട്ടുകളിലെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ് അവസാനിപ്പിക്കുമെന്ന സൗദിയുടെ പ്രഖ്യാപനം ഏറ്റവുമധികം ബാധിക്കുക ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്ന ആശുപത്രികളെയാണ്. കാനഡയില്‍ സൗദിയിലെ 800-ഓളം ഡോക്ടര്‍മാര്‍ പരിശീലനം നേടുന്നുണ്ട്. അവര്‍ക്കു പകരം ആളെ കണ്ടെത്താന്‍ ബുദ്ധിമുട്ടും.

കാനഡയില്‍ മെഡിക്കല്‍ ഡോക്ടര്‍മാരായി പരിശീലനം തേടുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ സൗദിയില്‍ നിന്നുമുള്ളവരാണ് ഏറ്റവും കൂടുതല്‍. അങ്ങനെയുള്ള ഓരോ വിദ്യാര്‍ത്ഥിക്കും ഒരു വര്‍ഷം ഒരു ലക്ഷം ഡോളറോളം സൗദി ഗവണ്മെന്റ് കാനഡയിലെ മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കുന്നുണ്ട്. സൗദിയില്‍നിന്നുമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അവിടെ തുടരുമെന്ന് ഒരുറപ്പുമില്ല. സൗദിയുടെ പ്രഖ്യാപനം പരിശീലനം നേടുന്ന അവരുടെ ഡോക്ടര്‍മാരുടെ ഭാവിയും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.

കാനഡയിലെ വിദ്യാര്‍ത്ഥികളെ യുഎസ്, ബ്രിട്ടന്‍ തുടങ്ങിയ മറ്റു രാജ്യങ്ങളിലെ യുണിവേഴ്‌സിറ്റികളിലേക്കു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് സൗദി വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ മെഡിക്കല്‍ പരിശീലനം നേടുന്നവരുടെ കാര്യത്തില്‍ ഇത് വളരെ പ്രയാസങ്ങള്‍ സൃഷ്ടിക്കും.

കാനഡയില്‍ 17 മെഡിക്കല്‍ സ്‌കൂളുകളുണ്ട്. സൗദിയിലെ മെഡിക്കല്‍ സ്‌കൂളുകളില്‍ പഠിച്ചു ഉപരിപഠനത്തിനും പരിശീലനത്തിനുമായി ഇപ്പോള്‍ 799 പേരാണ് കാനഡയിലുള്ളത്. കാനഡയില്‍ പരിശീലനം നേടുന്ന വിദേശ ഡോക്ടര്‍മാരുടെ 18% സൗദിക്കാരാണ്. സൗദി ഗവണ്മെന്റിന്റെ നടപടി കനേഡിയന്‍ യുണിവേഴ്‌സിറ്റികള്‍ക്ക് സാമ്പത്തികമായ ഒരു പ്രഹരമാണ്. സൗദിയില്‍ നിന്നുമുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയല്ലാം നഷ്ടപ്പെടുന്നത് 5 മുതല്‍ 15 വരെ മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നു കണക്കാക്കപ്പെടുന്നു.

സഖ്യകക്ഷികളുടെ പ്രതികരണങ്ങള്‍
സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ രൂക്ഷമായിട്ടുള്ള നയതന്ത്ര പ്രതിസന്ധിയില്‍ കാനഡയെ പ്രതിരോധിക്കുന്നതിനായി ഇതുവരെയും യുഎസ് തയ്യാറായിട്ടില്ല. കനേഡിയന്‍ ഗവണ്മെന്റ് ചെയ്തതുപോലെ സൗദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ പരസ്യമായി യുഎസ് അപലപിക്കില്ലെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ വക്താവ് വ്യക്തമാക്കി. ഭിന്നതകള്‍ പരിഹരിക്കേണ്ടത് കാനഡയും സൗദി അറേബ്യയും തമ്മിലാണെന്നും വക്താവ് പറഞ്ഞു. അതില്‍ യുഎസിനൊന്നും ചെയ്യാനില്ല. അയല്‍ രാഷ്ട്രവും നാറ്റോയിലെ സഖ്യ ശക്തിയുമായ കാനഡയെ പരസ്യമായി പിന്തുണയ്ക്കാത്തത് എന്താണെന്ന ചോദ്യത്തിന് അതൊരു 'നയതന്ത്ര പ്രശ്‌നം' ആണെന്നായിരുന്നു മറുപടി.

മനുഷ്യാവകാശങ്ങളെക്കുറിച്ചും മറ്റു പ്രശ്‌നങ്ങളെക്കുറിച്ചും റിയാദുമായി വാഷിംഗ്ടണ്‍ പതിവായി ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും വക്താവറിയിച്ചു. സൗദി അറേബ്യയുടെ പ്രതികരണം അമിതമായ വിധത്തിലായോ എന്ന ചോദ്യത്തിന് മറുപടിയൊന്നും നല്‍കിയതുമില്ല. വിഷയം സൗദി ഗവണ്‍മെന്റുമായി ചര്‍ച്ചചെയ്യുമെന്നും പറഞ്ഞു. ദീര്‍ഘകാലമായി കാനഡയുടെ മറ്റൊരു സൈനിക സഖ്യശക്തിയായ ബ്രിട്ടന്‍ അല്‍പ്പംകൂടി കരുതലോടെയാണ് പ്രതികരിച്ചത്. സൗദി-കാനഡ വിവാദത്തില്‍ സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട ബ്രിട്ടന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ സ്വകാര്യമായി സൗദിയെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

അറസ്റ്റുകളുടെ പേരില്‍ സൗദി അറേബ്യയെ പരസ്യമായി അപലപിക്കുകയും തര്‍ക്കത്തില്‍ കാനഡയെ പിന്തുണക്കുകയും ചെയ്യുമോ എന്ന ചോദ്യത്തിന് 28 അംഗ യൂറോപ്യന്‍ യൂണിയന്റെ ഓട്ടവയിലെ ഓഫീസ് ഒന്നും പ്രതികരിച്ചില്ല. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിന്റെ കാര്യത്തില്‍ സൗദി അറേബ്യയില്‍നിന്നും വ്യക്തത കൈവരുത്താന്‍ യൂറോപ്യന്‍ കമ്മീഷന്‍ ശ്രമിക്കുമെന്ന് വക്താവ് പറഞ്ഞു. എന്നാല്‍ സൗദി-കാനഡ തര്‍ക്കത്തെ സംബന്ധിച്ചു 'ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ല' എന്നായിരുന്നു മറുപടി.

കാനഡ പിന്നോട്ടില്ല
അയല്‍ രാഷ്ട്രമായ ഖത്തറിനോട് സ്വീകരിച്ച സമീപനം തന്നെയാകും കാനഡയോടും സൗദി സ്വീകരിക്കുകയെന്നാണ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സൗദിയുടെ നടപടികള്‍ ഞെട്ടിച്ചുവെന്നാണ് കാനഡ പറഞ്ഞത്. എന്നാല്‍ തര്‍ക്കത്തിനിടയാക്കിയ പരാമര്‍ശങ്ങളില്‍നിന്നും പിന്നോട്ടേക്കില്ലെന്നും വ്യക്തമാക്കി. തന്റെ മന്ത്രാലയം നടത്തിയ ട്വീറ്റില്‍ വിദേശമന്ത്രി ഫ്രീലാന്‍ഡ് ഒരു ഖേദവും പ്രകടിപ്പിച്ചില്ല. റിയാദിലെ കനേഡിയന്‍ എംബസി അറബിക് ഭാഷയില്‍ അത് വീണ്ടു ട്വീറ്റ് ചെയ്തു. രാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കണം വിദേശ നയമെന്നാണ് കാനഡക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് ഫ്രീലാന്‍ഡ് നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു. മനുഷ്യാവകാശങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന നിലപാടില്‍നിന്നും കാനഡ പിന്നോക്കം പോകില്ല. സൗദി അറേബ്യക്ക് അവരുടെ സഖ്യശക്തികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ, ജോര്‍ദാന്‍, ബഹറിന്‍, പലസ്തീന്‍ അതോറിറ്റി, കോര്‍മോറോസ്, ജിബൗട്ടി, മൗറിറ്റാനാ എന്നീ രാജ്യങ്ങള്‍ അതിലുള്‍പ്പെടുന്നു. ഇതില്‍ ജോര്‍ദാന്‍ 2009ല്‍ കാനഡയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവയ്ക്കുകയും കാനഡയുടെ സൈനിക പരിശീലനം നേടുകയും ചെയ്തിട്ടുള്ള രാജ്യമാണ്. ഇതിനു മുമ്പും ഇങ്ങനെയുള്ള കാര്യങ്ങള്‍ മുമ്പ് സംഭവിച്ചിട്ടുണ്ടോ? ഉണ്ട്. 2015ല്‍ സ്വീഡനിലെ അംബാസിഡറെ സൗദി തിരിച്ചുവിളിക്കുകയും സ്വീഡനില്‍നിന്നുമുള്ളവര്‍ക്ക് തൊഴില്‍ വിസകള്‍ നല്‍കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. റൈഫ് ബദാവിയുടെ കാര്യത്തിലുണ്ടായ കോടതി വിധി 'മദ്ധ്യകാലയുഗത്തെ' അനുസ്മരിപ്പിക്കുന്നതാണെന്നും ഭരണം നടത്തുന്ന അല്‍ സൗദ് രാജ കുടുംബം 'സ്വേച്ഛാധിപതികള്‍' ആണെന്നും യൂറോപ്യന്‍ യൂണിയനിലെ അംഗമായ സ്വീഡന്റെ വിദേശമന്ത്രി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ആ നടപടി. കഴിഞ്ഞവര്‍ഷം യെമനിലെ സൗദി അറേബ്യയുടെ സൈനിക സാന്നിധ്യത്തെ ജര്‍മന്‍ വിദേശമന്ത്രി വിമര്‍ശിച്ചതിന്റെ പേരിലുണ്ടായ വാദപ്രതിവാദങ്ങളെ തുടര്‍ന്ന് ജര്‍മനിയിലെ അംബാസിഡറെയും സൗദി തിരിച്ചുവിളിച്ചിരുന്നു.

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here