സൗദി-കാനഡ കലഹം: സൗദിയിലെ വിദേശ നിക്ഷേപങ്ങളെ ബാധിക്കും

Sat,Aug 11,2018


സൗദി അറേബ്യയും കാനഡയും തമ്മില്‍ നയതന്ത്ര നിലവാരത്തില്‍ നടക്കുന്ന വഴക്ക് സമ്പദ്ഘടനയെ ഉടച്ചുവാര്‍ക്കുന്നതിനായി വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള സൗദി ഭരണത്തിന്റെ ശ്രമങ്ങള്‍ സങ്കീര്‍ണ്ണമാക്കുമെന്ന് വിദഗ്ദ്ധര്‍. കാനഡയുടെ അംബാസിഡറെ തിങ്കളാഴ്ച സൗദി അനഭിലഷണീയ വ്യക്തിയായി പ്രഖ്യാപിക്കുകയും 24 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന സൗദിയുടെ നടപടിയെ കനേഡിയന്‍ വിദേശമന്ത്രാലയം വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് അംബാസിഡര്‍ ഡെനിസ് ഹൊറാകിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള അസ്വീകാര്യമായ ശ്രമമായിട്ടാണ് കാനഡയുടെ നടപടിയെ സൗദി വിദേശ മന്ത്രാലയം വിമര്‍ശിച്ചത്. കാനഡയുമായി എല്ലാ പുതിയ ബിസിനസ് സംരംഭങ്ങളും നിക്ഷേപ ഇടപാടുകളും നിര്‍ത്തിവയ്ക്കുന്നതായും സൗദി പ്രഖ്യാപിച്ചു.

ഇപ്പോഴത്തെ നയതന്ത്ര വിവാദം ഗവണ്മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന സ്‌കോളര്‍ഷിപ്പുകളുടെ സഹായത്തോടെ കാനഡയില്‍ പഠിക്കുന്ന 7000-ത്തിലധികം സൗദി വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കും. കാനഡയിലെ വിദ്യാഭ്യാസ പരിശീലന പരിപാടികള്‍ക്കായി ഗവണ്മെന്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ അവസാനിപ്പിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതല്‍ കാനഡയിലേക്കും തിരിച്ചുമുള്ള എല്ലാ ഫ്‌ളൈറ്റുകളും നിര്‍ത്തിവയ്ക്കുമെന്ന് ദേശീയ വ്യോമയാന കമ്പനിയായ സൗദിയ എയര്‍ ലൈന്‍സും അറിയിച്ചു. സൗദിയില്‍ തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ അംബാസിഡറെ പുറത്താക്കുന്നതിനുള്ള നീക്കത്തില്‍ ഗവണ്മെന്റിന് 'അതീവ ഉല്‍കണ്ഠ' ഉള്ളതായി കനേഡിയന്‍ വിദേശമന്ത്രി ക്ര്യസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. കാനഡയും സൗദി അറേബ്യയും തമ്മിലുള്ള ഇപ്പോഴത്തെ നയതന്ത്ര വിവാദത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ എന്തായിരിക്കും എന്നറിയാന്‍ സൗദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും മനുഷ്യാവകാശങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുംവേണ്ടി കാനഡ എല്ലായ്‌പ്പോഴും ശബ്ദമുയര്‍ത്തുമെന്നും പറഞ്ഞു. സൗദി അറേബ്യയില്‍ മാറ്റത്തിന്റേതായ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ സഖ്യശക്തികള്‍ തമ്മില്‍ പൊട്ടിപുറപ്പെട്ടിട്ടുള്ള സംഘര്‍ഷം നിക്ഷേപകരില്‍ ആശങ്കയുണര്‍ത്തുന്നു. വിദേശനയ രംഗത്ത് സൗദി അറേബ്യ പലപ്പോഴും സുഹൃത്തുക്കളോടും ശത്രുക്കളോടും കടുത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതാകട്ടെ സമ്മിശ്ര ഫലങ്ങള്‍ ഉളവാക്കുകയും ചെയ്തു. എതിരാളിയായ ഇറാനുമായി സഖ്യമുണ്ടാക്കിയ യമനിലെ ഹൗതി വിമതര്‍ക്കെതിരെ 2015 മാര്‍ച്ചില്‍ സൗദി അറേബ്യ സൈനിക ഇടപെടല്‍ നടത്തി. മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഒന്നും നേടാന്‍ കഴിഞ്ഞില്ല. സംഘര്‍ഷത്തിന് അടുത്തെങ്ങും പരിഹാരമുണ്ടാകുന്നതിന്റെ സൂചനയുമില്ല. 2016 ജനുവരിയില്‍ ഇറാനുമായുമുളള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ഇറാനെ ഒറ്റപ്പെടുത്തുന്നതിനായി സഖ്യശക്തികളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. 2017 ജൂണില്‍ സൗദി അറേബ്യയും മൂന്നു സഖ്യശക്തികളും അയല്‍രാഷ്ട്രമായ ഖത്തറുമായുമുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചു. ഗള്‍ഫിലെ ചെറിയൊരു രാഷ്ട്രമായ ഖത്തറിന്റെ വിദേശനയം ശൈഥില്യങ്ങള്‍ ഉളവാക്കുന്നു എന്നാണ് പറഞ്ഞ ന്യായം. 2017 നവംബറില്‍ ലെബനോനിലെ സഖ്യശക്തിയായ സാദ് ഹരിരിയെ സൗദി നേതാക്കള്‍ റിയാദിലേക്കു ക്ഷണിച്ചുവരുത്തി, നിര്‍ബ്ബന്ധിച്ച് പ്രധാനമന്ത്രിപദത്തില്‍നിന്നുമുള്ള രാജി പ്രഖ്യാപിപ്പിച്ചു. അതിനെ ജര്‍മന്‍ വിദേശമന്ത്രി വിമര്‍ശിച്ചതിന്റെ പേരില്‍ ജര്‍മനിയില്‍നിന്നും അംബാസിഡറെ സൗദി മടക്കിവിളിച്ചു. ഏറ്റവും ഒടുവിലിതാ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ചുവെന്ന പേരില്‍ കാനഡയുടെ അംബാസിഡറെ പുറത്താക്കുകയും ബിസിനസ് ബന്ധങ്ങള്‍ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. 'വിഷന്‍ 2030' എന്ന പേരില്‍ വലിയൊരു പരിഷ്‌ക്കരണ പദ്ധതി നടപ്പാക്കുന്ന പ്രക്രിയയിലാണ് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. പെട്രോളിയം സമ്പദ്ഘടനയെ ആശ്രയിച്ചുകഴിയുന്ന കടുത്ത യാഥാസ്ഥിതിക രാഷ്ട്രമെന്ന നിലയില്‍നിന്നും എണ്ണയെ അധികം ആശ്രയിക്കാത്ത ലിബറല്‍ സാമൂഹ്യഘടനയുള്ള രാഷ്ട്രമായി സൗദിയെ മാറ്റുകയാണ് ലക്ഷ്യം. എന്നാല്‍ പ്രധാന തീരുമാനങ്ങള്‍ക്കെതിരെ പുറമെനിന്നും ഉയരുന്ന വിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നു. പക്ഷേ അങ്ങനെയൊരു നിലപാട് സൗദിയിലെ സമൂലമായ പരിഷ്‌ക്കരണങ്ങള്‍ക്ക് അവശ്യമായി പുറമെനിന്നും വരേണ്ട നിക്ഷേപങ്ങളെ തടസ്സപ്പെടുത്തുന്നതാണ്. നിക്ഷേപങ്ങള്‍ക്കും വ്യാപാരത്തിനും ആകര്‍ഷകമായ കേന്ദ്രമായി സൗദിയെ മാറ്റിയെടുക്കുക എന്നത് വിഷന്‍ 2030 വിഭാവനംചെയ്യുന്നതാണ്. എന്നാല്‍ വിദേശനയരംഗത്ത് ആവേശപൂര്‍വം സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ വിപരീത ഫലമായിരിക്കും ഉണ്ടാക്കുക എന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

സമീപ നാളുകളില്‍ എണ്ണവില വീണ്ടും ഉയരാന്‍ തുടങ്ങിയിട്ടും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സൗദി ഭരണത്തിന്റേത്. എങ്കിലും 2016ല്‍ 7.4 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമുണ്ടായിരുന്നത് 2017ല്‍ 1.4 ബില്യണ്‍ ഡോളറായി ചുരുങ്ങുകയാണുണ്ടായത്. 14 വര്‍ഷങ്ങളിലെ ഏറ്റവും ചുരുങ്ങിയ വിദേശ നിക്ഷേപമാണത്. എന്നാല്‍ നിക്ഷേപകരില്‍ പൊതുവില്‍ കാണപ്പെടുന്ന താല്‍പ്പര്യക്കുറവിന് ചില അപവാദങ്ങളുമുണ്ട്. സോഫ്റ്റ് ബാങ്ക് ഗ്രൂപ് കോര്‍പ്പറേറ്റ് സ്ഥാപനം അതിന്റെ 100 ബില്യണ്‍ ഡോളര്‍ ടെക്‌നോളജി ഫണ്ടിന്റെ ഒരു ഓഫീസ് റിയാദില്‍ സ്ഥാപിക്കുകയാണ്. സിനിമാ രംഗത്ത് ഉള്‍പ്പടെയുളള ചില വിദേശ കമ്പനികളും സൗദിയിലെ വിനോദ വ്യവസായത്തില്‍ നിക്ഷേപം നടത്തുന്നുണ്ട്. സൗദി അറേബ്യ സ്വീകരിച്ചിട്ടുള്ള ചില ആഭ്യന്തര നടപടികള്‍ സൗദിയെ വിദേശ നിക്ഷേപകര്‍ക്ക് അനാകര്‍ഷകമാക്കി മാറ്റുകയാണ്. മൂല്യവര്‍ദ്ധിത നികുതി, ഊര്‍ജ്ജ സബ്‌സിഡികള്‍ പിന്‍വലിച്ചത്, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം അതിലുള്‍പ്പെടുന്നു. അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം പ്രമുഖരായ ചില ബിസിനസുകാരെ അറസ്റ്റ് ചെയ്തതും നിക്ഷേപകരെ പിന്തിരിപ്പിച്ചു.

വിദേശനയ രംഗത്ത് സൗദി സ്വീകരിക്കുന്നതായ കടുത്ത നിലപാടുകള്‍ ആശങ്കകള്‍ സൃഷ്ടിക്കുകയും നിക്ഷേപകരെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്യുന്നു. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ നടത്തിയതിന്റെ പേരില്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യമാണെന്നാണ് നയതന്ത്ര കേന്ദ്രങ്ങള്‍ കരുതുന്നത്. സൗദി അറേബ്യക്ക് യൂറോപ്യന്‍ ബിസിനസുകാരോടുള്ള അനിഷ്ടം വ്യക്തമാക്കുന്നതുമാണ്. ബിസിനസിന് മുന്‍ഗണന നല്‍കുകയും മനുഷ്യാവകാശങ്ങളെക്കുറിച്ചു വേവലാതിപ്പെടാതിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളില്‍നിന്നുമുള്ള നിക്ഷേപകരെയാണ് സൗദി ആഗ്രഹിക്കുന്നത്.

കാനഡയുമായുള്ള വ്യാപാര ബന്ധങ്ങള്‍ സൗദി മരവിപ്പിച്ചുവെങ്കിലും അത് കനേഡിയന്‍ സമ്പദ്ഘടനയെ സാരമായൊന്നും ബാധിക്കില്ല. ഇരുരാജ്യങ്ങളും തമ്മില്‍ 4 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ (3.08 ബില്യണ്‍ യുഎസ് ഡോളര്‍) വ്യാപാരം മാത്രമാണുള്ളത്. 2016ല്‍ കാനഡയുടെ ആകെയുള്ള കയറ്റുമതിയുടെ 0.24% മാത്രമായിരുന്നു സൗദിയിലേക്കുണ്ടായിരുന്നത്. ഇപ്പോഴത്തെ വഴക്ക് ചില പ്രത്യേക കരാറുകളെ ബാധിക്കുമോ എന്നു വ്യക്തമല്ല. കാനഡ ആസ്ഥാനമായ ജനറല്‍ ഡയനാമിക്‌സ് ലാന്‍ഡ് സിസ്റ്റംസ് നിര്‍മ്മിക്കുന്ന ചെറിയ കവചിത വാഹനങ്ങള്‍ 15 ബില്യണ്‍ ഡോളറിനു വാങ്ങുന്നതിനുള്ള കരാറില്‍ 2014ല്‍ സൗദി ഒപ്പുവച്ചിരുന്നു. സൗദി ഭരണകൂടം തടവിലാക്കിയിട്ടുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഏകരാഷ്ട്രമല്ല കാനഡ. സമീപ മാസങ്ങളില്‍ യുഎസും ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും അറസ്റ്റുകളില്‍ പരസ്യമായ ഉല്‍കണ്ഠ പ്രകടിപ്പിച്ചിരുന്നു. മേയ് മാസത്തിനുശേഷം 18 മനുഷ്യാവകാശ പ്രവര്‍ത്തകരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അവരില്‍ നാലുപേരെ താല്‍ക്കാലികമായി വിട്ടയച്ചു. ഡ്രൈവ് ചെയ്യുന്നതുള്‍പ്പടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയവരാണ് അറസ്റ്റിലായത്. ഡ്രൈവ് ചെയ്യുന്നതിനുള്ള അവകാശം ജൂണില്‍ നല്‍കുകയുണ്ടായി. അടുത്ത കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ബ്ലോഗറുമായ ജയിലില്‍ കഴിയുന്ന റൈഫ് ബദാവിയുടെ സഹോദരി സമര ബദാവിയും ഉള്‍പ്പെടുന്നു.

Other News

 • പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചുകൊണ്ടുപോയില്ലെങ്കില്‍ യുദ്ധം പ്രഖ്യാപിക്കുമെന്ന് കാനഡയ്ക്ക് ഫിലിപ്പിന്‍സ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
 • താന്‍ ബാലലൈംഗിക പീഡനത്തിന്റെ ഇരയെന്ന് ജഗ്മീത് സിംഗ്
 • റോയല്‍ കേരള ഫുട്‌ബോള്‍ ക്ലബ് ചാമ്പ്യന്‍മാര്‍
 • കനേഡിയന്‍ മലയാളി അസോസിയേഷന്‍ കള്‍ഫെസ്റ്റ് - 2019 നടത്തുന്നു
 • ശ്രീ നാരായണ അസ്സോസിയേഷന്‍ കാനഡയ്ക്ക് പുതിയ ഭാരവാഹികള്‍
 • കനേഡിയന്‍ മുസ്ലിം മെര്‍ച്ചന്റ് ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു
 • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
 • വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
 • ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
 • പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം
 • കാനഡയിലെ സങ്കീര്‍ണ്ണ നികുതി വ്യവസ്ഥ കുരുക്കാകുന്നു
 • Write A Comment

   
  Reload Image
  Add code here