ടൊറന്റോ സുരക്ഷിത നഗരമോ?

Sat,Jul 28,2018


കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോ ഒരിക്കല്‍ 'നല്ല നഗരം' എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഞായറാഴ്ച നഗരത്തിലെ പ്രശസ്തമായ ഒരു റസ്റ്ററന്റില്‍ ഉണ്ടായ വെടിവെപ്പ് ആ നഗരത്തെയും രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തോക്കുകള്‍കൊണ്ടുള്ള അക്രമത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം നഗരത്തിലെ പ്രശസ്തമായ ഗ്രീക്ക് ടൗണ്‍ റസ്റ്ററന്റിലേക്കു പോയവരെ തോക്കുധാരിയായ ഒരാള്‍ തുരുതുരെ വെടിവെക്കുകയായിരുന്നു. രണ്ടു പേര്‍ - 18 വയസുള്ള ഒരു യുവതിയും 10 വയസുള്ള ഒരു പെണ്‍കുട്ടിയും - കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 29 വയസുള്ള അയാള്‍ തോക്കുകൊണ്ട് പോലീസുമായും ഏറ്റുമുട്ടി. സ്ഥലത്തുനിന്നും പലായനം ചെയ്ത അയാളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകിട്ടുണ്ടായ ആക്രമണം നഗരത്തെ സ്തംഭിപ്പിച്ചു. കറുത്തവസ്ത്രം ധരിച്ച ഒരാള്‍ ഒരു തുറന്ന സ്ഥലത്തുനിന്നും ഒരു കൈത്തോക്കുപയോഗിച്ചു വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അയാള്‍ ഓടിപോകുന്നതിനു മുമ്പ് നിരവധിപേര്‍ വെടിയേറ്റ് നിലത്തു വീഴുന്നതും അവര്‍ കണ്ടു.

2.8 മില്യണ്‍ ജനസംഖ്യയുള്ള ടൊറന്റോ നഗരം ഏപ്രിലില്‍ 10 പേരെ കൊലപ്പെടുത്തിയ വാന്‍ ആക്രമണത്തിന്റെ ആഘാതത്തില്‍നിന്നും ഇനിയും മുക്തമായിട്ടില്ല. 2017ല്‍ കാനഡയില്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഒരു ശതമാനം വര്‍ദ്ധനവുണ്ടായതായി സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തുന്നു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് വര്‍ദ്ധനവ്. 11 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കുറ്റകൃത്യങ്ങള്‍ കുറഞ്ഞുകൊണ്ടിരുന്നതിനു ശേഷമാണ് വീണ്ടും വര്‍ദ്ധിച്ചത്. തോക്കുകള്‍കൊണ്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും 7% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

2016ല്‍ തോക്കുകളുപയോഗിച്ചുള്ള 223 കൊലപാതകങ്ങളാണ് നടന്നത്. അതിന്റെ 54%വും സംഘം ചേര്‍ന്നുള്ള ആക്രമണങ്ങളായിരുന്നു. ടൊറന്റോയില്‍ സായുധ സംഘങ്ങള്‍ 30 പേരെയാണ് കൊന്നത്. ടൊറന്റോ പോലീസിന്റെ കണക്കുകള്‍ പ്രകാരം 2018ല്‍ ഇതുവരെയായി 286 വെടിവയ്പ്പുകള്‍ നടന്നു. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്ന അക്രമങ്ങള്‍ 26% ആയിരുന്നത് ഇപ്പോള്‍ 59%മായി വര്‍ദ്ധിച്ചിരിക്കുകയാണ്. നഗരത്തില്‍ തോക്കുകള്‍ പ്രശ്‌നമായി മാറുകയാണെന്ന് ടോറോന്റോ മേയര്‍ ജോണ്‍ ടോറി പറഞ്ഞു. പലര്‍ക്കും ആയുധങ്ങള്‍ സുലഭമായി കിട്ടുകയാണ്. എന്നാല്‍ സമീപ കാലത്തുണ്ടായ അക്രമങ്ങള്‍ക്കു പിന്നില്‍ 'കവര്‍ച്ചക്കാര്‍' ആണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു.

വെടിവയ്പു സംഭവങ്ങള്‍ കുറേനാളുകളായി തുടരുകയായിരുന്നുവെങ്കിലും അടുത്ത കാലത്തായി അത്തരം കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചതായി ടൊറന്റോയിലെ സീറോ ഗണ്‍ വയലന്‍സ് മൂവ്‌മെന്റ് സ്ഥാപകനായ ലൂയിസ് മാര്‍ച്ച് പറയുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരായി ചില സമൂഹങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുന്നതിന്റെ ഫലമായാണ് തോക്കുകള്‍കൊണ്ടുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. അക്രമം മാത്രമാണ് പോംവഴിയായി അവരുടെ മുന്നിലുള്ളത്. അവര്‍ തൊഴില്‍രഹിതരും മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരും ആയിരിക്കും. കവര്‍ച്ചക്കാരും മയക്കുമരുന്നു കടത്തുകാരുമെല്ലാം നിറഞ്ഞ അക്രമബാധിതമായ ചുറ്റുപാടിലാണ് അവര്‍ ജീവിക്കുന്നത്. 2009നുശേഷം തോക്കുകള്‍ ഉപയോഗിച്ചുള്ള അക്രമങ്ങളില്‍ 10ല്‍ 6 വീതം കൈത്തോക്കുകള്‍ ഉപയോഗിച്ചുള്ളവയായിരുന്നു എന്നാണ് ഗവണ്മെന്റ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. നഗരത്തില്‍ വെടിവയ്പ്പ് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയുന്നതിനായി 200 ഓളം പോലീസ് ഉദ്യോഗസ്ഥരെക്കൂടി അധികമായി വിന്യസിച്ചിട്ടുണ്ട്. കൈത്തോക്കുകള്‍ നിരോധിച്ചേക്കും ടോറോന്റോയിലെ വെടിവപ്പും ദേശീയ സുരക്ഷയും തമ്മില്‍ ഇതുവരെയും നേരിട്ടുള്ള ബന്ധമൊന്നും ഉള്ളതായി അറിയില്ലെങ്കിലും കൈത്തോക്കുകള്‍ നിരോധിക്കുന്ന കാര്യം പരിഗണിക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ഗവണ്മെന്റ് തയ്യാറാണെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി റാല്‍ഫ് ഗൂഡെയ്ല്‍ പറഞ്ഞു.

കൈത്തോക്കുകളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ മാറ്റുന്നത് സങ്കീര്‍ണമായ ജോലിയാണെന്നും ക്രിമിനല്‍ നടപടി നിയമങ്ങള്‍ വലിയ തോതില്‍ പരിഷ്‌ക്കരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 2017ല്‍ ക്യുബെക് സിറ്റിയില്‍ ഒരു മോസ്‌കിനുള്ളില്‍ വെടിവയ്പ്പുണ്ടാകുകയും 6 പേര്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ത്തന്നെ കൈത്തോക്കുകള്‍ നിരോധിക്കുന്ന വിഷയം പൊന്തിവന്നതാണ്. അതിനായി ഈ വര്‍ഷമാദ്യവും പല സംഘടനകളും ഗ്രൂപ്പുകളും നിവേദനങ്ങള്‍ നല്‍കിയിരുന്നു. അവയെല്ലാം പരിശോധിച്ച ശേഷം ഫെഡറല്‍ ഗവണ്മെന്റ് ഉചിതമായ തീരുമാനമെടുക്കും. പൊതു സുരക്ഷ കാനഡയിലുള്ള എല്ലാവര്‍ക്കും വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ആ അവകാശം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ഗൂഡെയ്ല്‍ ഇത് പറയുമ്പോള്‍ ടൊറന്റോയിലെ മുന്‍ പോലീസ് മേധാവിയും ഇപ്പോള്‍ അതിര്‍ത്തി സുരക്ഷക്കും സംഘടിത കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും വേണ്ടിയുള്ള മന്ത്രിയുമായ ബില്‍ ബ്ലെയറും ഒപ്പമുണ്ടായിരുന്നു.

തോക്കുകള്‍ സംബന്ധിച്ച ഒരു ബില്‍ മാര്‍ച്ചില്‍ ഗവണ്മെന്റ് അവതരിപ്പിച്ചിരുന്നു. തോക്കുകള്‍ കൈവശം വയ്ക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കണമെന്നു വ്യവസ്ഥ ചെയ്ത് നിലവിലുള്ള നിയമം പരിഷ്‌ക്കരിക്കുന്നതിനുള്ള ബില്ലായിരുന്നു അത്. പശ്ചാത്തലത്തിന്റെ കൂട്ടത്തില്‍ തോക്കുടമയുടെ മാനസികാരോഗ്യ നിലകൂടി പരിശോധിക്കുന്ന കാര്യം ഉള്‍പ്പെടുത്തുമെന്ന് ഗൂഡെയ്ല്‍ പറഞ്ഞു. തോക്കുകള്‍കൊണ്ടുള്ള അക്രമങ്ങള്‍ കുറയ്ക്കുന്ന പ്രശ്‌നം പ്രവിശ്യാഗവണ്മെന്റുമായും നഗര ഭരണകൂടവുമായും ഫെഡറല്‍ ഗവണ്മെന്റ് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നു ബ്ലെയര്‍ പറഞ്ഞു. നിയമ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ഒരാള്‍ക്ക് കൈത്തോക്കുകള്‍ സ്വന്തമാക്കാന്‍ കഴിയുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ രാജ്യത്തുണ്ട്. കുറ്റകൃത്യങ്ങളോ അക്രമങ്ങളോ ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിത്തന്നെ നിയമപരമായ മാര്‍ഗങ്ങളിലൂടെ അവ സ്വന്തമാക്കുന്നവരുമുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷവും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് അവ സ്വന്തമാക്കുന്നത്.

തോക്കു നിയന്ത്രണത്തിനായുള്ള നിയമത്തില്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളെല്ലാം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഒരു നിവേദനം ക്യുബെക് സിറ്റി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മന്ത്രിക്കു നല്‍കിയിരുന്നു. 2017 ജനുവരി 29ന് ക്യുബെക് സിറ്റി മോസ്‌കിനുള്ളില്‍ പ്രാര്‍ത്ഥനാവേളയിലുണ്ടായ വെടിവെപ്പില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമിയുടെ തോക്ക് നിര്‍വീര്യമാക്കിയില്ലായിരുന്നുവെങ്കില്‍ മരണസംഖ്യ കൂടുമായിരുന്നു. ഇസ്ലാമില്‍ കള്‍ച്ചറല്‍ സെന്റര്‍ ഉന്നയിച്ച ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ടൊറന്റോയിലെ അക്രമി ഹുസൈന്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിരീക്ഷിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആളായിരുന്നില്ല. അയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ വെളിപ്പെടുത്തി. എല്ലാവര്‍ക്കും തോക്കെന്തിന്? കാനഡയില്‍ ഒട്ടേറെപ്പേര്‍ നിയമവിധേയമായിത്തന്നെ തോക്കുകള്‍ സ്വന്തമാക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ഞായറാഴ്ചത്തെ വെടിവെപ്പിന് ശേഷം ടൊറന്റോ സിറ്റി കൗണ്‍സില്‍ ചേമ്പറില്‍ ചെയ്ത പ്രസംഗത്തില്‍ മേയര്‍ ജോണ്‍ ടോറി പറഞ്ഞു.

കൈത്തോക്കുകള്‍ മാത്രമല്ല, നിയമവിരുദ്ധമായ എല്ലാ ആയുധങ്ങളും തെരുവുകളില്‍നിന്നും അപ്രത്യക്ഷമാക്കുന്നതിലുപരി കുറ്റവാളികളുടെ കൈകളില്‍ അവ എത്തിച്ചേരാതിരിക്കുന്നതിനാണ് ഭരണാധികാരികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് മുന്‍ പോലീസ് മേധാവികൂടിയായ മന്ത്രി ബ്ലെയര്‍ പറഞ്ഞത്. അതിനായി എല്ലാ മാര്‍ഗങ്ങളും തേടണം.

കൈത്തോക്കുകളും മറ്റു തോക്കുകളും ഉപയോഗിക്കുന്നതിന് ഇപ്പോള്‍ത്തന്നെ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ കൈത്തോക്കുകള്‍ക്കും സെമി ഓട്ടോമാറ്റിക് തോക്കുകള്‍ക്കും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ആവശ്യം. മോസ്‌ക്കില്‍ വെടിയുതിര്‍ത്ത അലക്‌സാണ്ടര്‍ ബിസോനെറ്റ് ഉപയോഗിച്ചതുപോലെയുള്ള റൈഫിളുകള്‍ നിരോധിക്കണമെന്നാണ് ക്യുബെക് സിറ്റിയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിലെ അംഗങ്ങളും പരുക്കേറ്റവരുമായ 75 പേര്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. കുറ്റം സമ്മതിച്ച ബിസോനെറ്റ് കൈത്തോക്കിനൊപ്പം .223 കാലിബര്‍ തോക്കും ഢദ58 എന്ന സ്‌പോര്‍ട്ടര്‍ റൈഫിളും ഉപയോഗിച്ചിരുന്നു.

Other News

 • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
 • വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
 • ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
 • പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം
 • കാനഡയിലെ സങ്കീര്‍ണ്ണ നികുതി വ്യവസ്ഥ കുരുക്കാകുന്നു
 • ആല്‍ബര്‍ട്ടയില്‍ യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലേക്ക്, ജാസണ്‍ കെന്നി പ്രീമിയറാകും
 • തൊഴിലന്വേഷകർക്ക് പ്രതീക്ഷയായി കാനഡയുടെ ജിടിഎസ് പദ്ധതി
 • സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശം കാനഡ ഔദ്യോഗിക രേഖയില്‍നിന്ന് നീക്കി; ഇന്ത്യയ്ക്ക് പ്രതിഷേധം
 • കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബ് പ്രര്‍ത്തനമാരംഭിച്ചു
 • കനേഡിയന്‍ അലൂമിനിയത്തിനും സ്റ്റീലിനും നികുതി ഏര്‍പ്പെടുത്തിയ നടപടി യൂ.എസ് പിന്‍വലിക്കണമെന്ന് കാനഡ
 • അര്‍ബുദകോശത്തെ കൊല്ലാന്‍ റോബോട്ടിക് സംവിധാനം
 • Write A Comment

   
  Reload Image
  Add code here