യുഎസ്-ചൈന വ്യാപാര യുദ്ധം കാനഡയ്ക്ക് ഹാനികരം
Sat,Jul 21,2018

യുഎസ്-ചൈന വ്യാപാര യുദ്ധം രൂക്ഷമാകുന്നതിന്റെ ഭവിഷ്യത്തുകള്‍ കനേഡിയന്‍ ഉപഭോക്താക്കള്‍ക്കും ബിസിനസുകാര്‍ക്കും അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു.
34 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇറക്കുമതിക്ക് 25% തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ട്രമ്പ് ഭരണകൂടം ചൈനക്കെതിരെ തിരിഞ്ഞത്. ഏറ്റവും വഷളായ കാര്യം വരാനിരിക്കുന്നതേയുള്ളൂ. തീരുവകളുടെ ഫലത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ തെളിവെടുപ്പ് കഴിഞ്ഞ് വേനല്‍കാലത്തിന്റെ അവസാനമാകുമ്പോഴേക്കും 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുകൂടി തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രമ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതെല്ലാംതന്നെ കാനഡയിലെ ഉപഭോക്താക്കള്‍ക്കും ബിസിനസിനും കൂടുതല്‍ വേദന ഉണ്ടാക്കുന്നതാണ്. കാനഡയില്‍നിന്നുമുള്ള സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് തീരുവകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കാനഡയും യുഎസും തമ്മിലൊരു വ്യാപാരയുദ്ധം തുടരുന്നതിന് ഇടയില്‍ത്തന്നെയാണ് ഇതും.
ചൈനക്കെതിരെ ഇനിയും യുഎസ് ചുമത്തുന്ന തീരുവകള്‍ ഏതൊക്കെ മേഖലകളെയായിരിക്കും കൂടുതല്‍ ബാധിക്കുക എന്നു പറയാറായിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കാനഡയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കായി ഏറെയും ആശ്രയിക്കുന്നത് ചൈനയില്‍ നിര്‍മ്മിക്കുന്ന ഘടകവസ്തുക്കളെയാണ്. അതിനാല്‍ വലിയ ഭവിഷ്യത്തുകളായിരിക്കും അത് കാനഡയ്ക്ക് ഉളവാക്കുക.
കാനഡയില്‍ ഉല്പ്പാദിപ്പിച്ചവയാണെങ്കില്പ്പോലും ചൈനീസ് ഘടകവസ്തുക്കള്‍ ഉണ്ടെന്നതിന്റെ പേരില്‍ അതിനു വലിയ തീരുവകള്‍ ചുമത്താന്‍ യുഎസിലെ കസ്റ്റംസ് അധികൃതര്‍ക്ക് കഴിയും. ചൈനീസ് ഘടക വസ്തുക്കള്‍ ഉള്‍പ്പെടുന്ന ഏതു നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്കും തീരുവകള്‍ ചുമത്തുന്നതിനുള്ള അധികാരം യുഎസ് കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. അവ ചൈനീസ് നിര്മ്മിതമല്ലെന്നു തെളിയിക്കേണ്ട ബാധ്യത ഇറക്കുമതി ചെയ്യുന്നവര്‍ക്കുള്ളതാണ്.
കാനഡയോട് എന്തെങ്കിലും സൗജന്യം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. 'അമേരിക്കന്‍ വാങ്ങുക, അമേരിക്കക്കാരെ നിയമിക്കുക' എന്നതാണ് ട്രമ്പ് ഭരണകൂടത്തിന്റെ പരമമായ ലക്ഷ്യം. യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ ഫലമായുള്ള ദോഷങ്ങള്‍ കാനഡയ്ക്ക് അനുഭവപ്പെടുന്നത് അങ്ങനെയായിരിക്കും.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രമ്പ് ഭരണകൂടം കൂടുതല്‍ നികുതി ചുമത്തുമ്പോള്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ യുഎസ് വിപണിയില്‍ ഇല്ലാതെയാകുമെങ്കിലും വില കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കാനഡ ഉള്‍പ്പടെയുള്ള മറ്റു വിപണികളിലേക്ക് കൂടുതലായി എത്തുമെന്ന പ്രശ്നം ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനുള്ള പ്രതിവിധി കാണേണ്ടത് ഗവണ്മെന്റാണ്. ആഭ്യന്തര വ്യവസായങ്ങളെ ഹനിക്കുന്ന വിധത്തില്‍ വിപണിയിലേക്ക് പുറമെനിന്നുമുള്ള ഉല്‍പ്പന്നങ്ങളുടെ തള്ളിക്കയറ്റമുണ്ടായാല് അതിന്റെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ലോക വ്യാപാര സംഘടന രാജ്യങ്ങളെ അനുവദിക്കുന്നുണ്ട്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ കെടുതികളില്‍നിന്നും രക്ഷനേടാന്‍ കാനഡയ്ക്ക് കഴിയില്ലെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ജപ്പാന്, ദക്ഷിണ കൊറിയ, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവയെല്ലാം ഒരുപോലെയാണ്.
കാനഡ മറ്റൊരു പ്രശ്നംകൂടി നേരിടുന്നുണ്ട്. ചൈനയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിനുള്ള കൂടിയാലോചനകള്‍ ഉപേക്ഷിച്ച മട്ടാണ്. ചൈനയുമായി അടുത്ത സാമ്പത്തിക സഹകരണം പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആഗ്രഹിക്കുന്നുണ്ടെങ്കിലും രണ്ടു കാരണങ്ങളാല്‍ ചൈന അത് നിരാകരിക്കുകയാണ്. ട്രൂഡോയുടെ പുരോഗമന വ്യാപാരനയം എന്നറിയപ്പെടുന്നതിനെ ചൈന ഇഷ്ടപ്പെടുന്നില്ല. മറ്റൊന്ന് കനേഡിയന്‍ നിര്‍മ്മാണ കമ്പനിയായ ആപ്കോണ്‍ ദേശീയ സുരക്ഷാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏറ്റെടുക്കുന്നതിനുള്ള ബെയ്ജിങിന്റെ നീക്കത്തെ കാനഡ തടഞ്ഞുവെന്നതാണ്.
അതേസമയം അമേരിക്കന്‍ കമ്പനികള്‍ക്ക് ബിസിനസ് ചെയ്യാന്‍ വിഷമകരമായ വിധത്തില്‍ ചൈന തിരിച്ചടി നല്കിയാല് അത് ചില കനേഡിയന്‍ കമ്പനികള്‍ക്ക് നേട്ടമാകും. ഉദാഹരണത്തിന് ബോയിങ് വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് അവസാനിപ്പിച്ചാല്‍ കാനഡയിലെ ബൊംബാര്‍ഡിയറിന് അതിന്റെ നേട്ടം ലഭിച്ചുകൂടെന്നില്ല. പക്ഷേ, അതൊരു കണക്കുകൂട്ടല്‍ മാത്രമാണ്.
കാനഡയ്ക്ക് എതിരെ പരാതി
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും ഏര്‍പ്പെടുത്തിയ തീരുവയ്ക്കു തിരിച്ചടിയായി പകരം തീരുവ ഏര്‍പ്പെടുത്തിയ കനാനഡയെയും യൂറോപ്യന്‍ യൂണിയനെയും പാഠം പഠിപ്പിക്കാന്‍ യുഎസ് ഒരുങ്ങുന്നു.
ഇത്തവണ വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷനില്‍ പരാതി നല്കി തിരിച്ചടിക്കുന്നുന്നതിനാണ് ശ്രമം. കാനഡയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള വ്യാപാര പങ്കാളികള്‍ ഏര്‍പ്പെടുത്തിയ തീരുവകള്‍ പൂര്‍ണ്ണമായും നീതീകരിക്കാനാവാത്തതും അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനവുമാണെന്ന് അമേരിക്കന്‍ ഭരണകൂടം അവകാശപ്പെടുന്നു
അതേ സമയം, കാനഡയില്‍നിന്നും സ്റ്റീലും അലുമിനിയവും ഇറക്കുമതി ചെയ്യുന്നത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാരണം പറഞ്ഞു തീരുവ ഏര്‍പ്പെടുത്തിയ ട്രമ്പ് ഭരണകൂടത്തിന്റെ നടപടി നിയമവിരുദ്ധവും നിലനില്‍ക്കാത്തതും ആണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ക്രിസ്തീയ ഫ്രീലാന്‍ഡ് പറഞ്ഞു.
യുഎസിന്റെ നടപടിക്കു തിരിച്ചടി എന്ന നിലയില്‍ 16.6 ബില്യന്‍ ഡോളറിന്റെ തീരുകയാണ് കാനഡ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമാനമായ തീരുവകള്‍ യൂറോപ്യന്‍ യൂണിയനും ചൈനയും മെക്സിക്കോയും ടര്‍ക്കിയുമെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ തീരുവകള്‍ നിയമവിരുദ്ധവും നീതീകരണം ഇല്ലാത്തതും അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമാണെന്ന് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് റോബര്‍ട്ട് ലൈറ്റൈസര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു
'പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് പകരം നമ്മുടെ വ്യാപാര പങ്കാളികള്‍ പ്രതികാര നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ തൊഴിലാളികളെയും കര്‍ഷകരെയും പ്രശ്നത്തിലാക്കുകയാണ് അവരുടെ ലക്ഷ്യം. അത് വേള്‍ഡ് ട്രെയ്ഡ് ഓര്ഗനൈസേഷന് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളുടെ ലംഘനമാണ്. അമേരിക്കയുടെ താല്പര്യങ്ങള് സംരക്ഷിക്കുവാന്‍ അമേരിക്ക നടപടികള്‍ സ്വീകരിക്കും. ആവശ്യത്തിലേറെയുള്ള ഇറക്കുമതികൊണ്ടുള്ള പ്രശ്നം ക്രിയാത്മകമായി പ്രവര്‍ത്തിച്ച് പരിഹരിക്കണമെന്ന് യുഎസ് ആവശ്യപ്പെടുന്നു', അദ്ദേഹം പറഞ്ഞു..
സ്റ്റീലിന്റെ അമിത ഉല്‍പ്പാദനവും കയറ്റുമതിയും ഉണ്ടാക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയാണ് അമേരിക്ക അവയുടെമേല്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കഴിഞ്ഞമാസം യുഎസ് കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസും പറഞ്ഞിരുന്നു.
എന്നാല്‍, യുഎസ് നികുതി ഏര്‍പ്പെടുത്തുന്നതിനു മുമ്പുതന്നെ ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ കാനഡ സ്വീകരിച്ചിരുന്നു എന്നാണ് ഫ്രീലാന്‍ഡ് പറയുന്നത്. ഇക്കാര്യത്തില്‍ കാനഡയ്ക്ക് വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഫെഡറല്‍ ഗവണ്മെന്റ് വ്യവസായികളുമായി പ്രശ്നം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
തീരുവ പ്രശ്നം കാനഡ-യുഎസ് വ്യാപാരബന്ധത്തിന് വളരെയേറെ ക്ഷതം ഏല്‍പ്പിച്ചിട്ടുണ്ട്. നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് (നാഫ്ത) പുതുക്കുന്നതിനുള്ള നടപടികള്‍ക്ക് അമേരിക്ക തീരുവ ഏര്‍പ്പെടുത്തിയ നടപടി പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.
സ്റ്റീലിനും അലുമിനിയത്തിനും പുറമേ വാഹനങ്ങള്‍ക്കും തീരുവ ഏര്‍പ്പെടുത്തുമെന്നാണ് അമേരിക്കയുടെ പുതിയ ഭീഷണി. സ്റ്റീലിനും അലുമിനിയത്തിനുംമേല് തീരുവ ഏര്‍പ്പെടുത്തിയതിനേക്കാള്‍ അപകടകാരിയാണ് വാഹനങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന തീരുവയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാനേഡയില് പ്രവിശ്യകളില്‍ ഒന്റാരിയോ ആയിരിക്കും ഏറ്റവും വലിയ സാമ്പത്തിക നഷ്ടം സഹിക്കേണ്ടിവരുക.