ഹവായ് സ്റ്റൈലില്‍ എം.കെ.എ പിക്‌നിക്ക് നടന്നു

Mon,Jul 16,2018


മില്‍ട്ടണ്‍ (കാനഡ): കെല്‍സോ പാര്‍ക്കിനെ ഹവായ് സ്‌റ്റൈലില്‍ അണിയിച്ചൊരുക്കി മിസ്സിസാഗ കേരള അസോസിയേഷന്‍ (എം.കെ.എ) പിക്‌നിക്ക്. കെല്‍സോ സംരക്ഷിത വനമേഖലയിലെ കായലോരത്ത് എത്തിയ മൂന്നൂറോളം പേരെ കാത്തിരുന്നത് ആഹ്‌ളാദത്തിന്റെയും ആഘോഷത്തിന്റെയും ഹവായ് ദ്വീപ്. എംകെഎ കുടുംബാംഗങ്ങള്‍ക്കു സൗഹൃദം പുതുക്കാനും പുതുതായി പങ്കെടുത്തവര്‍ക്കു അടുത്തറിയാനുമുള്ള വേദി കൂടിയായി മാറി വ്യത്യസ്തമായ ഈ കുടുംബസംഗമം. ഈ വര്‍ഷത്തെ പ്രധാനപ്പെട്ട പരിപാടികളിലെ ആദ്യ ഇനമായ ഹവായ് പിക്‌നിക്ക് പ്രതീക്ഷിച്ചതിലും വന്‍വിജയമായി മാറിയതിന്റെ ആവേശത്തിലാണ് പ്രസിഡന്റ് പ്രസാദ് നായരുടെ നേതൃത്വത്തിലുള്ള 'ടീം എംകെഎ'.

വന്മരങ്ങളുടെ കുളിര്‍ത്തെന്നലില്‍ അതിഥികളെ സംഘാടകര്‍ വരവേറ്റത് 'അലോഹ' ആശംസകളോടെയും ഹവായിലെ ദേശീയ പുഷ്പമായ ഹിബിസ്‌കസ്സിന്റെ വിവിധ വര്‍ണങ്ങളിലുള്ള ഹാരമണിയിച്ചും. പിക്‌നിക് കോഓര്‍ഡിനേറ്റര്‍ മിഷേല്‍ നോര്‍ബര്‍ട്ട്, ആലിസ് അലക്‌സ്, മാനസ രാഹുല്‍ തുടങ്ങിയവരാണ് അതിഥികളെ ഹവായ് മാലയണിയിച്ചത്. വരവേല്‍പിനു പിന്നാലെ അതിഥികളെ ആനയിച്ചത് മുളക്കുടിലില്‍ ഒരുക്കിയ ടിക്കി ബാറിലേക്ക്. ദാഹശമനത്തിനായി തല്‍സമയം തയാറാക്കി നല്‍കിയത് കൂള്‍ ഭീ പഞ്ച്, സ്‌ട്രോബെറി ഡേക്കെറി, മിന്റ് മോഹിറ്റോ, ഗ്രീന്‍ ആപ്പിള്‍ കൂളര്‍, പിനിയ കൊളാഡ തുടങ്ങിയ പാനീയങ്ങള്‍. കണ്ണന്‍ റജിയും രാഹുല്‍ പൊന്മനാടിയിലും റിയാസ് സിറാജുമെല്ലാം ചേര്‍ന്ന് ഇവയ്‌ക്കെല്ലാം പുറമെ നമ്മുടെ സ്വന്തം കുലുക്കി സര്‍ബത്തും കരുതിവച്ചിരുന്നു. ടിക്കി ബാറിന് സമീപം അട്ടിയട്ടിയായി അടുക്കിവച്ച തണ്ണിമത്തന്‍, കൈതച്ചക്ക, കരിക്ക് എന്നിവ ആവശ്യക്കാര്‍ക്ക് ഇഷ്ടംപോലെ ലഭ്യമാക്കി.

റൊട്ടി കടിയുടെ കനേഡിയന്‍ പതിപ്പായ ബേഗല്‍ കടി, കസേരകളി, പയര്‍പെറുക്കല്‍, ചാക്കിലോട്ടം, സൈക്കിള്‍ സ്ലോ റേസ് തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒട്ടേറെ സൗഹൃദ മത്സരങ്ങള്‍ നടത്തി. എംകെഎ പിക്‌നിക്കിലെ ട്രേഡ് മാര്‍ക്ക് ഇനമായ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വാശിയേറിയ വടംവലി മത്സരത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് ഇക്കുറിയും നടന്നത്. ജിഷ ഭക്തന്റെ നേതൃത്വത്തില്‍ നടത്തിയ സുംബാ നൃത്ത പരിശീലനത്തില്‍ മുപ്പതിലേറെപേര്‍ പങ്കെടുത്തു. ശില്‍പ്പ കുയിലന്റെ ശിക്ഷണത്തില്‍ യോഗയും നടത്തി. സോക്കര്‍താരം റൂഡ് ഗള്ളിറ്റിന്റെ മാതിരി കൃത്രിമമുടിയുമായി പ്രശാന്ത് പൈ, പിക്‌നിക്കിനായി സാധനസാമഗ്രികള്‍ ഇറക്കിയതുമുതല്‍ മൈതാനിയിലും കലവറയിലും സെല്‍ഫി ഇടങ്ങളിലുമെല്ലാം ഓടിനടന്ന് പരിപാടികളുടെ സുഗമമായി നടത്തിപ്പ് ഉറപ്പാക്കി. ലോകകപ്പ്പിന്റെ സമയമായതിനാല്‍ ഉച്ചയായപ്പോഴേക്കും ഫുട്‌ബോള്‍ പ്രേമികള്‍, കെല്‍സോയിലെ ഹവായ് കൂടാരത്തില്‍ പ്രത്യേകം ഒരുക്കിയ സ്‌ക്രീനിനു ചുറ്റുംകൂടി റഷ്യ ക്രൊയേഷ്യ പോരാട്ടം കാണാന്‍. ഇവര്‍ക്കായി പോപ് കോണ്‍ മെഷിനും ഒരുക്കിയിരുന്നു സംഘാടകര്‍. ഗോളിലേക്കു മുന്നേറുന്‌പോള്‍ ആര്‍പ്പു വിളിച്ചും ഉന്നംതെറ്റുന്‌പോള്‍ അലറിയുമെല്ലാം ഇഷ്ടടീമുകളോട് ആരാധകര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ പെനല്‍റ്റി ഷൂട്ടില്‍ ക്രൊയേഷ്യ വിജയം കൊയ്തപ്പോള്‍ ആരവങ്ങളോടെ അവര്‍ വടംവലി ഉള്‍പ്പെടെയുള്ള വിനോദ മല്‍സരങ്ങള്‍ക്കായി പിരിഞ്ഞു.

സംഘാടകരും പങ്കെടുക്കാനെത്തിയവരില്‍ ഭൂരിപക്ഷവും വലിയ പൂക്കളും പുള്ളികളുമുള്ള ഹവായ് സ്‌റ്റൈല്‍ വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്. പ്രസിഡന്റ് പ്രസാദ് നായര്‍, സെക്രട്ടറി എം. ചെറിഷ്, വൈസ് പ്രസിഡന്റ് നിഷ ഭക്തന്‍, ജോയിന്റ് സെക്രട്ടറി മിഷേല്‍ നോര്‍ബര്‍ട്ട്, ട്രഷറര്‍ ജോണ്‍ തച്ചില്‍, കമ്മിറ്റിയംഗങ്ങളായ പ്രശാന്ത് പൈ, റജി സുരേന്ദ്രന്‍, ഷാനുജിത് പറന്പത്ത്, രാധിക ഗോപിനാഥന്‍, അര്‍ജുന്‍ രാജന്‍, രാജേഷ് കെ. മണി, ഹേംചന്ദ് തലഞ്ചേരി, ട്രസ്റ്റിമാരായ മെല്‍വിന്‍ ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ വാലംപറന്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ടിഡി ബാങ്ക്, മനോജ് കരാത്ത (റീമാക്‌സ്) ഗോപിനാഥന്‍ പൊന്മനാടിയില്‍ (രുദ്രാക്ഷരത്‌ന), ഡോ. രേഖ നായര്‍ സുബുദ്ധി (സ്‌മൈല്‍ടണ്‍ ഡെന്റല്‍), മോഹന്‍ദാസ് (എയര്‍പോര്‍ട്ട് നിസാന്‍), ക്രിഷ് നായക് (ക്‌ളാസിക് ഹോണ്ട), പ്രദീപ് മേനോന്‍ (ദ് മോര്‍ട്‌ഗേജ് ഗ്രൂപ്പ്), ഡോ. സജിത (ആയുര്‍ഹീല്‍ ആയുര്‍വേദ) തുടങ്ങിയവരായിരുന്നു പരിപാടിയുടെ പ്രായോജകര്‍.

പിക്‌നിക്കിനോടനുബന്ധിച്ചു നടത്തിയ പിക്‌ളിക്കും ശ്രദ്ധേയമായി. മുപ്പതാം വാര്‍ഷികം പ്രമാണിച്ച് എംകെഎ ഏറ്റെടുക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണാര്‍ഥം വീട്ടമ്മമാര്‍ പരന്പരാഗത രീതിയില്‍ തയ്യാറാക്കിയ നാരങ്ങ, കടുമാങ്ങ, വെളുത്തുള്ളി, ഇഞ്ചിപ്പുളി, കാരറ്റ് , പാവയ്ക്ക അച്ചാറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റു പോയി. ലേലത്തിന് ദിവ്യ രഞ്ജിത് നേതൃത്വം നല്‍കി. പാചക ക്ലബ്ബിലെ വീട്ടമ്മമാരായ ആനി പ്രിന്‍സ്, വിജയ ചന്ദ്രശേഖരന്‍, ബിന്ദു പ്രസാദ്, ദിവ്യ രഞ്ജിത്, ബിന്ദു നിസീത്, നിഷ വിനോദ്, റിനു ടെറി, രാജാമണി കമ്മത്ത്, ആശ റജി തുടങ്ങിയവരാണ് വിഭവങ്ങള്‍ തയാറാക്കിയത്. ഗോപിനാഥ് പൊന്മനാടിയില്‍, ജോസഫ് ജോണ്‍, രഞ്ജിത് വേണുഗോപാല്‍, സുഷോബ്, രാധാകൃഷ്ണന്‍, രാഹുല്‍ തുടങ്ങിയവരും ചേര്‍ന്നതോടെ ഉച്ചയ്ക്കും വൈകുന്നേരവുമായി പാചകപ്പുര രുചിഭേദങ്ങളുടെ കലവറതന്നെയായി. ഫ്രൈഡ് റൈസും ചിക്കനും ഗോബി മഞ്ചൂരിയനും ബാര്‍ബിക്യു ചിക്കനും പുറമെ കേരളത്തിന്റെ 'ദേശീയ ഭക്ഷണ'മെന്ന് അറിയപ്പെടുന്ന പൊറോട്ടയും ബീഫ് ഫ്രൈയും വരെ വിതരണം ചെയ്തു. തീയില്‍ ചുട്ടെടുത്ത പൈനാപ്പിളായിരുന്നു ഹവായ് സ്‌പെഷല്‍.

പ്രിന്‍സ് ഫിലിപ്പും സംഘവും അവതരിപ്പിച്ച ബീച്ച് ഗാനമേളയും പിക്‌നിക്കിന് എത്തിയ വിവിധ തലമുറകളുടെ മനംകവര്‍ന്നു. പഴയതും പുതിയതുമായി ഒട്ടേറെ ഹിന്ദിമലയാളം ഗാനങ്ങളാണ് ബെഞ്ചിന്റെ ചുറ്റും വട്ടം കൂടിയിരുന്ന സദസ്സിനായി ഗിറ്റാറിന്റെയും കോംഗോ ഡ്രമ്മിന്റെയും താളത്തില്‍ അവതരിപ്പിച്ചത്. ഈ ആവേശം ഉള്‍ക്കൊണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പിക്‌നിക്കിന് എത്തിയവരിലെ ഗായകരും മൈക്ക് എടുത്തുതോടെ ജനകീയ ഗാനമേളയായി. രാത്രി വൈകി ഇരുള്‍വീഴുന്‌പോഴും ഹവായ് ദ്വീപില്‍ തുടരുന്ന ആവേശത്തിലായിരുന്നു പിക്‌നിക്കിന് എത്തിയവര്‍. ഒടുവില്‍ സംഘാടകര്‍ ജാപ്പനീസ് ഫുട്‌ബോള്‍ ടീമിന്റെ മാതൃകയില്‍ പാര്‍ക്ക് വൃത്തിയാക്കിയുമാണ് ഹവായ് ദ്വീപാക്കി മാറ്റിയ കെല്‍സോ പാര്‍ക്കില്‍നിന്നു മടങ്ങിയത്.

ചെറിഷ് കൊല്ലം

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here