ബാങ്ക് ഓഫ് കാനഡ നിരക്കുയര്‍ത്തി; ഭാവിനീക്കം അനിശ്ചിതത്വത്തില്‍

Sat,Jul 14,2018


യുഎസും അതിന്റെ പ്രധാന വ്യാപാര പങ്കാളികളും തമ്മിലുള്ള തീരുവ യുദ്ധം രൂക്ഷമാകവേ ബാങ്ക് ഓഫ് കാനഡ അടിസ്ഥാന പലിശ നിരക്കുകള്‍ വീണ്ടുമുയര്‍ത്തി. സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും ഇങ്ങനെയൊരു നടപടി പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഭാവിയിലും നിരക്കുയര്‍ത്തുമെന്നുള്ള ബാങ്കിന്റെ പ്രഖ്യാപനം കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. 1.25%ത്തില്‍നിന്നും 1.5%മായിട്ടാണ് പ്രധാന നിരക്കുയര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂണിനു ശേഷം ഇത് നാലാം തവണയാണ് നിരക്കുയര്‍ത്തിയത്. ഇതോടെ മോര്‍ട്ട്‌ഗേജുകള്‍ക്കും മറ്റു വായ്പകള്‍ക്കും 2008 ഡിസംബറിനു ശേഷമുള്ള ഏറ്റവുമുയര്‍ന്ന പലിശനിരക്കുകളാകും നിലവില്‍ വരുക. നാണയപ്പെരുപ്പം നിശ്ചിത ലക്ഷ്യത്തിനൊപ്പം എത്തിക്കുന്നതിന് ഉയര്‍ന്ന പലിശ നിരക്ക് ആവശ്യമായി വന്നുവെന്നും ലഭ്യമാകുന്ന സ്ഥിതിവിവര കണക്കുകള്‍ക്കനുസരിച്ചു ക്രമേണ നിരക്കു ക്രമീകരിക്കുന്ന സമീപനമായിരിക്കും സ്വീകരിക്കുകയെന്നും പലിശ നിരക്കുയര്‍ത്തിക്കൊണ്ടുള്ള പ്രസ്താവനയില്‍ ബാങ്ക് അറിയിച്ചു.

യുഎസ് ഫെഡറല്‍ റിസര്‍വിനൊപ്പം ബാങ്ക് ഓഫ് കാനഡയും 2019 അവസാനിക്കുന്നതിനു മുമ്പുതന്നെ മൂന്നോ നാലോ തവണകൂടി പലിശനിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. 'നിഷ്പക്ഷ നിലവാരം' എന്ന് കരുതപ്പെടുന്നത് 2.5 മുതല്‍ 3.5%വരെയാണ്. അതിനു വളരെ താഴെമാത്രമാണ് 1.5% എന്ന ഇപ്പോഴത്തെ നിരക്ക്. ആ നിലവാരംവരെ എത്തിയാലും സമ്പദ്ഘടന വല്ലാതെ ചൂടുപിടിക്കുകയോ വളര്‍ച്ചക്ക് ബ്രേക്ക് ഇടുകയോ ചെയ്യില്ല. എന്നാല്‍, വ്യാപാര രംഗത്തെ കുഴപ്പങ്ങള്‍ മുമ്പുള്ള പ്രവചനങ്ങളില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടിയ തോതില്‍ സമ്പദ്ഘടനയ്ക്ക് ആഘാതമേല്‍പ്പിക്കുമെന്ന് ബാങ്ക് ഓഫ് കാനഡ പറയുന്നു. കൂടുതല്‍ വ്യാപാര സംരക്ഷണ നടപടികള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത ആഗോള സാധ്യതകള്‍ക്കുനേരെ ഉയരുന്ന ഏറ്റവും വലിയ ഭീഷണിയായിരിക്കുമെന്നും ബാങ്ക് ചൂണ്ടിക്കാട്ടി. ചൈനീസ് സാധനങ്ങള്‍ക്കെതിരെ 200 ബില്യണ്‍ ഡോളറിന്റെ മറ്റൊരു തീരുവകൂടി ചുമത്താനുദ്ദേശിക്കുന്നതായി യുഎസ് പ്രസിഡന്റ ഡോണള്‍ഡ് ട്രമ്പ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ചൈനയും പ്രഖ്യാപിച്ചു.

ഇതോടെ ലോകത്തിലെ വലിയ രണ്ടു സമ്പദ്ഘടനകള്‍ തമ്മിലുള്ള വിനാശകരമായ ഏറ്റുമുട്ടലിനാണ് വഴിതെളിഞ്ഞത്. കാനഡയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും പാര്‍ട്‌സുകള്‍ക്കും തീരുവ ചുമത്തുമെന്ന് ട്രമ്പ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും സമ്പദ്ഘടനയുടെ കരുത്തനുസരിച്ച്, വ്യാപാര സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന പൊതു ആഘാതം ഇപ്പോഴും കൈകാര്യം ചെയ്യാവുന്ന നിലവാരത്തില്‍ തന്നെയാണ് ഉള്ളതെന്ന് ബാങ്ക് ഓഫ് കാനഡ പറയുന്നു. ചില വ്യവസായങ്ങള്‍ക്കും അവയിലെ തൊഴിലാളികള്‍ക്കും പ്രയാസങ്ങള്‍ നേരിട്ടേക്കാമെങ്കിലും ഈ നടപടികളെല്ലാം കാനഡയുടെ വളര്‍ച്ചയിലും നാണയപ്പെരുപ്പത്തിലും ഉണ്ടാക്കുന്ന ഫലം പരിമിതമായിരിക്കും.

തീരുവ വര്‍ദ്ധനകളും വ്യാപാര രംഗത്ത് ഇപ്പോള്‍ തുടരുന്ന അനിശ്ചിതാവസ്ഥയുംകൂടി 2020 അവസാനിക്കുമ്പോഴേക്കും കാനഡയുടെ ജിഡിപിയില്‍ 0.6%ത്തിന്റെ കുറവുണ്ടാക്കിയേക്കുമെന്ന് ബുധനാഴ്ചതന്നെ പ്രസിദ്ധീകരിച്ച ബാങ്കിന്റെ ത്രൈമാസ ധന നയ റിപ്പോര്‍ട്ടിലും പറയുന്നു. ബാരലിന് 74 ഡോളറോളം എത്തിയിട്ടുള്ള ഉയര്‍ന്ന എണ്ണവില വ്യാപാര രംഗത്തെ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുള്ള ദോഷങ്ങളെ ഇല്ലാതെയാക്കും. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കും പാര്‍ട്‌സുകള്‍ക്കും കൂടുതല്‍ തീരുവകള്‍ ചുമത്തുമെന്ന് യുഎസിന്റെ ഭീഷണി കണക്കിലെടുക്കാതെയാണ് ഈ നിഗമനത്തിലെത്തിയിട്ടുള്ളതെന്നും ബാങ്ക് പറയുന്നുണ്ട്. യുഎസിന്റെ പ്രസ്തുത നീക്കം ഉപഭോക്താക്കളുടെ ചിലവഴിക്കലിലും കനേഡിയന്‍ സമ്പദ്ഘടനയില്‍ ബിസിനസ് നിക്ഷേപങ്ങളിലും 'വലിയ നിഷേധാത്മകമായ ഫലങ്ങള്‍' ഉണ്ടാക്കും.

ഇതുവരെയും ന്യൂസ്പ്രിന്റ്, സോഫ്റ്റ് വുഡ് ഉരുപ്പടികള്‍, സ്റ്റീല്‍.അലുമിനിയം എന്നീ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് യുഎസ് തീരുവ വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. കാനഡയുടെ ആകെയുള്ള കയറ്റുമതിയുടെ 4.1% ഭാഗം വരുമിത്. അതിനുള്ള തിരിച്ചടിയായി യുഎസില്‍ നിന്നും ഇറക്കുമതിചെയ്യുന്ന സാധനങ്ങള്‍ക്കും കാനഡ തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. 2018ല്‍ കനേഡിയന്‍ സമ്പദ്ഘടന പൊതുവില്‍ 2% വളര്‍ച്ച നേടുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഏപ്രിലില്‍ നടത്തിയിരുന്ന മുന്‍ പ്രവചനത്തില്‍ മാറ്റമൊന്നും തന്നെയില്ല. അതേസമയം താല്‍ക്കാലികമായുണ്ടാകുന്ന ഘടകങ്ങള്‍ ഓരോ ക്വാര്‍ട്ടറിലും സ്ഥിതി വ്യത്യസ്തമാക്കുമെന്നും ബാങ്ക് പറയുന്നുണ്ട്. ആദ്യ ക്വാര്‍ട്ടറില്‍ ഏപ്രില്‍ മുതല്‍ മെയ് വരെ 2.8% വളര്‍ച്ച നേടുമെങ്കിലും മൂന്നാം ക്വാര്‍ട്ടറിലെത്തുമ്പോള്‍ അത് 1.5%മായി ചുരുങ്ങും.

ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണ്ണര്‍ സ്റ്റീഫന്‍ പൊലോസും സഹപ്രവര്‍ത്തകരും പ്രതീക്ഷിച്ച രീതിയില്‍ത്തന്നെയാണ് കനേഡിയന്‍ സമ്പദ്ഘടനയുടെ പോക്ക്. ഉയര്‍ന്ന പലിശ നിരക്കുകളും കര്‍ക്കശമാക്കിയ പണയ വ്യവസ്ഥകളും ചൂടുപിടിച്ച ഭവനവിപണിയെയും ഉപഭോക്താക്കളുടെ ചിലവഴിക്കലിനെയും അല്‍പ്പം തണുപ്പിക്കും. എന്നാല്‍ കയറ്റുമതിയിലുണ്ടാകുന്ന വര്‍ദ്ധനവും ബിസിനസ് നിക്ഷേപങ്ങളും ആ ദൂഷ്യം ഇല്ലാതെയാക്കും. നാണയപ്പെരുപ്പം ഇപ്പോള്‍ 2%ത്തിനടുത്താണെന്നും, ശേഷിക്കൊത്തവിധം പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ്ഘടനയുടെ നിലവാരത്തില്‍ത്തന്നെയാണ് ഇതെന്നും ബാങ്ക് ചൂണ്ടിക്കാട്ടുന്നു. വാര്‍ഷിക വേതന വര്‍ദ്ധനവ് മന്ദഗതിയിലാണെന്നതാണ് ബാങ്കിനെ അലട്ടുന്ന ഒരു പ്രശ്‌നം. 2.3% എന്നതാണ് ഇപ്പോഴത്തെ തോത്. പൂര്‍ണ്ണ ശേഷിയോടടുത്ത നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം അത് വളരെ താഴ്ന്ന നിലവാരമാണ്.

Other News

 • കാനഡയിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിഷേധം
 • ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിച്ച കുപ്രസിദ്ധ ശബ്ദത്തിന് ഉടമ കനേഡിയന്‍ പൗരന്‍!
 • ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി !
 • ലാവ്‌ലിന്‍ മാതൃരാജ്യത്തും രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുന്നു; ട്രൂഡോ സര്‍ക്കാറിലെ മന്ത്രി രാജി വച്ചു
 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here