യു എസുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ നിബന്ധനകള്‍ക്ക് അനുസരിച്ചെന്ന് കാര്‍ണി

യു എസുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ നിബന്ധനകള്‍ക്ക് അനുസരിച്ചെന്ന് കാര്‍ണി


ഒട്ടാവ: തന്റെ രാജ്യം യു എസില്‍ നിന്ന് ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തങ്ങളുടെ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ വ്യാപാര, സുരക്ഷാ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയുള്ളൂവെന്നും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ബി ബി സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കുന്ന തലത്തിലുള്ള ചര്‍ച്ച നടക്കുമ്പോള്‍ മാത്രമേ താന്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

കാര്‍ണിയും ട്രംപും ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന്്  കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പരസ്പര പുരോഗതിക്കായി കാനഡയും യു എസും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നേതാക്കള്‍ സമ്മതിച്ചതായും  പ്രസ്താവനയില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ വിജയം നേടിയ കാര്‍ണിയെ ട്രംപ് അഭിനന്ദിച്ചിരുന്നു.

ട്രംപ് വൈറ്റ് ഹൗസിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം കാനഡയെ അമേരിക്കയുടെ '51-ാമത്തെ സംസ്ഥാനം' ആക്കുന്നതിനെക്കുറിച്ച് യു എസ് പ്രസിഡന്റ് ആവര്‍ത്തിച്ച് പരാമര്‍ശിച്ചിരുന്നു. 

കാനഡയെ അമേരിക്കയുടെ പ്രിയപ്പെട്ട 51-ാമത്തെ സംസ്ഥാനമാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയെ തെരഞ്ഞെടുപ്പ് ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി വക്താവ് അന്ന കെല്ലി പറഞ്ഞു.

തിങ്കളാഴ്ച നടന്ന പെട്ടെന്നുള്ള തെരഞ്ഞെടുപ്പില്‍ തന്റെ ലിബറല്‍ പാര്‍ട്ടിക്ക് ചരിത്രപരമായ വിജയം ഉറപ്പാക്കിയ കാര്‍ണി ട്രംപ് പറയുന്നതുപോലെ യു എസിന്റെ 51-ാമത് സംസ്ഥാനമാകാനുള്ള സാഹചര്യം ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നും പറഞ്ഞു. മറ്റൊരു രാജ്യത്തിനും ഇത് ഒരിക്കലും സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും പനാമയോ ഗ്രീന്‍ലാന്‍ഡോ മറ്റെവിടെയെങ്കിലുമോ ആകട്ടെ തനിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധി അനുഭവിക്കേണ്ടി വരുമെന്നും പറഞ്ഞു. 

എന്നിരുന്നാലും യു എസുമായി ഒരു കരാര്‍ ഉറപ്പിക്കാനും യൂറോപ്യന്‍ യൂണിയനുമായും യു കെയുമായും വ്യാപാര ബന്ധം കെട്ടിപ്പടുക്കാനും കഴിയുമെങ്കില്‍ തന്റെ രാജ്യത്തിന് 'വിന്‍- വിന്‍ സാധ്യത' ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കാനഡയുടെ കയറ്റുമതിയുടെ ഏകദേശം 75 ശതമാനം തെക്കോട്ട് പോകുന്ന കനേഡിയന്‍ ബിസിനസുകള്‍ക്ക് യു എസ് ഒരു വലിയ വിപണിയാണ്.

അമേരിക്കയുടെ ഏറ്റവും വലിയ വിദേശ അസംസ്‌കൃത എണ്ണ വിതരണക്കാരാണ് കാനഡ. കാനഡയുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി - 2024ല്‍ 45 ബില്യണ്‍ ഡോളര്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

'51-ാമത്തെ സംസ്ഥാനം' എന്ന ട്രംപിന്റെ പ്രസംഗവും മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ 'ഗവര്‍ണര്‍' എന്ന് പരാമര്‍ശിക്കുന്നതും മൂലം കാനഡയും യു എസും തമ്മിലുള്ള ബന്ധം സമീപ മാസങ്ങളില്‍ വഷളായിരുന്നു.

യു എസ് പ്രസിഡന്റ് ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിട്ടു ചുമത്തിയ താരിഫ് ആദ്യം നടപ്പാക്കിയ രാജ്യങ്ങളിലൊന്നാണ് കാനഡ. 

ട്രംപ് വിവിധ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് ഭാഗികമായി 25 ശതമാനം തീരുവയും എല്ലാ അലുമിനിയം, സ്റ്റീല്‍ ഇറക്കുമതികള്‍ക്കും 25 ശതമാനം ഇറക്കുമതി നികുതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ യു എസ് എം സി എ എന്നറിയപ്പെടുന്ന യു എസ്, കാനഡ, മെക്‌സിക്കോ വ്യാപാര കരാറിന്റെ പരിധിയില്‍ വരുന്ന ഉത്പന്നങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

യു എസ് ഉത്പന്നങ്ങള്‍ക്ക് കാനഡ 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള തീരുവ ചുമത്തിയാണ് തിരിച്ചടിച്ചത്. 

ട്രംപുമായുള്ള ചര്‍ച്ചകള്‍ അവരുടെ നിബന്ധനകളിലല്ല, തങ്ങളുടെ നിബന്ധനകളിലായിരിക്കുമെന്ന്' കാര്‍ണി പറഞ്ഞത് ഇക്കാരണങ്ങളാലാണ്. സാമ്പത്തിക, സുരക്ഷാ പങ്കാളിത്തമായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒന്നായിരിക്കുമെന്നും അദ്ദേഹം വിശദമാക്കി. ആഗോള സാമ്പത്തിക പ്രതിസന്ധികളെ കൈകാര്യം ചെയ്തതിലെ തന്റെ അനുഭവമാണ് താരിഫ് സംബന്ധിച്ച ട്രംപിനെ നേരിടാനുള്ള മാര്‍ഗമായി കാര്‍ണി വിശേഷിപ്പിച്ചത്.

മാര്‍ച്ച് ആദ്യം പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് കാര്‍ണി ഒരിക്കലും രാഷ്ട്രീയ പദവികള്‍ വഹിച്ചിരുന്നില്ല.

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ബാങ്ക് ഓഫ് കാനഡയെ നയിച്ചതിനു ശേഷം 2013 മുതല്‍ 2020 വരെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ ഉന്നത സ്ഥാനം ഏറ്റെടുത്ത ആദ്യത്തെ ബ്രിട്ടീഷ് അല്ലാത്ത വ്യക്തിയായിരുന്നു കാര്‍ണി. 

യു എസിലെ 40-ലധികം സംസ്ഥാനങ്ങളുടെ ഏറ്റവും വലിയ ക്ലയന്റ് കാനഡയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

യു എസിന് തങ്ങള്‍ സുപ്രധാനമായ ഊര്‍ജ്ജം നല്‍കുന്നുണ്ടെന്ന് ഓര്‍മ്മിക്കണമെന്നും അടിസ്ഥാനപരമായി അവരുടെ എല്ലാ വളവും തങ്ങളാണ് അവരുടെ കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും ഓര്‍മിക്കണമെന്നും കാര്‍ണി ബി ബി സിയോട് പറഞ്ഞു.

താരിഫുകള്‍ കൂടുതല്‍ അമേരിക്കക്കാരെ ആഭ്യന്തരമായി നിര്‍മ്മിച്ച സാധനങ്ങള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുമെന്നും ഇത് ആത്യന്തികമായി യു എസ് ഉത്പാദനത്തെയും തൊഴിലുകളെയും വര്‍ധിപ്പിക്കുമെന്നുമാണ് ട്രംപ് വാദിച്ചത്.

ആഗോള വ്യാപാര സംഘര്‍ഷത്തില്‍ അമേരിക്കയുടെ പ്രധാന എതിരാളി ചൈനയാണെങ്കിലും യു കെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ പോലുള്ളവയില്‍ ട്രംപിന്റെ പരസ്പര താരിഫുകള്‍ വ്യാപാര തടസ്സങ്ങള്‍ക്ക് മറുപടിയായി പുതിയ കരാറുകള്‍ തേടുന്നതിലേക്ക് സഖ്യകക്ഷികളെ നയിച്ചു.

ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിനിടെ യു കെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനെ പിന്തുണച്ച കാര്‍ണി വ്യാപാര വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി കാനഡയ്ക്കും യു കെയ്ക്കും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കാന്‍ കഴിയുമെന്ന് പറഞ്ഞു, രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന്റെ 95 ശതമാനം ഇതിനകം തന്നെ താരിഫ് രഹിതമാണെന്ന് എടുത്തുപറഞ്ഞു. 

ജൂണില്‍ കാനഡ ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടി ആഗോള വ്യാപാര യുദ്ധത്തിന്റെ ഭാവി പാത തീരുമാനിക്കുന്നതില്‍ 'വളരെ പ്രധാനപ്പെട്ടത്' ആയിരിക്കുമെന്നും യു എസ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും വികസിതമായ ഏഴ് സമ്പദ്വ്യവസ്ഥകളുടെ ഗ്രൂപ്പ് ഇപ്പോഴും 'സമാന ചിന്താഗതിക്കാരായ രാജ്യങ്ങളില്‍ ഏറ്റവും സമാന ചിന്താഗതിക്കാരാണോ' എന്ന് 'പരീക്ഷിക്കുമെന്നും' കാര്‍ണി പറഞ്ഞു.

ട്രംപിന്റെ ഉയര്‍ന്ന താരിഫുകളില്‍ ചിലതില്‍ 90 ദിവസത്തെ താത്ക്കാലിക വിരാമം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഉച്ചകോടി നടക്കുന്നത്.

യു എസുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ നിബന്ധനകള്‍ക്ക് അനുസരിച്ചെന്ന് കാര്‍ണി