വേമ്പനാട് റെയില്‍ പാലത്തിലൂടെ മഹാവിപ്‌ളവത്തിന്റെ ചരിത്രവും പേറി ആവി വണ്ടി കൊച്ചിയിലേക്ക് ചൂളം വിളിച്ചു വരും

Wed,Jan 09,2019


കൊച്ചി : 1857 ലെ ഗ്രേറ്റ് ഇന്ത്യന്‍ വിപ്ലവ കാലത്ത് ബ്രിട്ടീഷ് പട്ടാളക്കാരെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ആവി എന്‍ജിന്‍ 163 വര്‍ഷത്തിനു ശേഷം വീണ്ടും ഒരിക്കല്‍ കൂടി ചരിത്രത്തിന്റെ പാളത്തിലൂടെ കൂകിപ്പാഞ്ഞ് കൊച്ചിയിലേക്ക് വരുന്നു.
1855 ല്‍ ഇംഗ്ലണ്ടില്‍ നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ആവി എന്‍ജിനായ ഇഐആര്‍ 21 ആണ് രാജ്യത്തെ ഏറ്റവും നീളം കൂടിയ വേമ്പനാട് റെയില്‍വെ പാലത്തിലൂടെ ചൂളം വിളിച്ചെത്താന്‍ തയ്യാറെടുക്കുന്നത്.
ചെന്നൈയിലെ പെരമ്പൂര്‍ ലോക്കോ വര്‍ക്‌സാണു ഇഐആര്‍ 21 പുനരുദ്ധരിച്ച് 2010ല്‍ പ്രവര്‍ത്തന ക്ഷമമാക്കിയത്. 55 വര്‍ഷം ഇന്ത്യന്‍ റെയില്‍വേ ഉപയോഗിച്ച എന്‍ജിന്‍ പിന്നീടു വിവിധ റെയില്‍വേ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീടാണ് പുതുക്കി പ്രവര്‍ത്തമക്ഷമമാക്കിയത്. വല്ലാര്‍പാടത്തേക്ക് കൊണ്ടുവരാനൊരുങ്ങുന്ന ആവി എന്‍ജിന്‍ ഇപ്പോള്‍ മധുരയിലാണ് സര്‍വീസ് നടത്തുന്നത്. കൊല്‍ക്കത്തയില്‍ സൂക്ഷിച്ചിരുന്ന എന്‍ജിന്‍ പെരമ്പൂര്‍ ലോക്കോ വര്‍ക്‌സ് ഏറ്റെടുക്കുകയായിരുന്നു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ആവടി വരെ 2010ലാണ് ആദ്യ സര്‍വീസ് നടത്തിയത്. പൈതൃക എന്‍ജിന്‍ മധുര ഡിവിഷനിലായിരുന്നു. ഇതു തിരുവനന്തപുരം ഡിവിഷനു കൈമാറിയാണ് കൊച്ചിയിലെത്തിക്കുക. പൈതൃക സ്‌പെഷലില്‍ എന്‍ജിനൊപ്പം ഒരു കോച്ച് മാത്രമാണുളളത്.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുളള വേമ്പനാട് പാലത്തിലൂടെ ടൂറിസ്റ്റ് ട്രെയിന്‍ എന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരം എന്ന നിലയിലാണ് കൊച്ചി ഈ ചരിത്രമുഹൂര്‍ത്തെ വരവേല്‍ക്കാന്‍ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച പദ്ധതിയുടെ അന്തിമ രൂപരേഖ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കും.
ഇടപ്പള്ളി-വല്ലാര്‍പാടം പാതയിലാണ് ഈ വിനോദ സഞ്ചാര തീവണ്ടി ഓടിക്കുക. 4.6 കിലോമീറ്റര്‍ നീളമുള്ള പാതയിലൂടെയുള്ള ട്രെയിന്‍ യാത്ര വിനോദ സഞ്ചാരികള്‍ക്ക് വേമ്പനാട് കായലുകളുടെ സുന്ദരമായ കാഴ്ചകള്‍സമ്മാനിക്കുമെന്ന് ദക്ഷിണ റെയില്‍വേ മേഖലാ മാനേജരും എറണാകുളം സ്റ്റേഷന്‍ ഡയറക്ടറുമായ ഹരികൃഷ്ണന്‍ പറഞ്ഞു.
ഇടപ്പള്ളി മുതല്‍ വല്ലാര്‍പാടം വരെ 9 കിലോമീറ്ററുള്ള പാലം മുഴുവനായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിയിട്ടില്ല. രണ്ട് കണ്ടെയ്‌നര്‍ ട്രെയിനുകള്‍ മാത്രമാണ് ഓരോ മാസവും ഇതുവഴി കടന്നുപോകുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ടു റെയില്‍വേയും പോര്‍ട് ട്രസ്റ്റും ഐആര്‍സിടിസിയും ടൂര്‍ ഓപ്പറേറ്റര്‍മാരുമായുളള പ്രാഥമിക യോഗം നവംബറില്‍ ചേര്‍ന്നിരുന്നു.
മികച്ച പ്രതികരണമാണു ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നു പദ്ധതിക്കു ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇടപ്പളളി മുതല്‍ വല്ലാര്‍പാടം വരെ നീളുന്ന വിസ്മയക്കാഴ്ചയായ വേമ്പനാട് പാലത്തിനു 4.62 കിലോമീറ്ററാണു ദൈര്‍ഘ്യം. ആവി എഞ്ചിനുപയോഗിച്ചുളള പൈതൃക ട്രെയിനാണ് ഇടപ്പളളിയില്‍ നിന്നു വല്ലാര്‍പാടത്തേക്കു സര്‍വീസ് നടത്തുക. താഴെ നിന്നു നോക്കിക്കണ്ടിരുന്ന പാലത്തിലൂടെ യാത്ര ചെയ്യാനുളള സുവര്‍ണാവസരമാണു വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്.
വല്ലാര്‍പാടം പാലത്തിലൂടെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ കൊച്ചിയിലെത്തുന്ന സഞ്ചാരികള്‍ക്കു പുതിയ ടൂറിസം ആകര്‍ഷണം കൂടിയാണു തുറക്കുക. മറൈന്‍ ഡ്രൈവ്, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ ഹില്‍പാലസ്, ഫോക്ലോര്‍ മ്യൂസിയം തുടങ്ങി പതിവു ടൂറിസം കാഴ്ചകളല്ലാതെ പുതുതായി വിനോദ സഞ്ചാരികള്‍ക്കു നല്‍കാന്‍ നമ്മുടെ പക്കല്‍ ഒന്നുമില്ല. ഇടക്കാലത്തു ജിസിഡിഎ ലേസര്‍ ഷോ തുടങ്ങിയതു മാത്രമാണ് ഒരു അപവാദം. അക്വേറിയം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ആലോചിച്ചെങ്കിലും നടപ്പായില്ല.
പുതിയ വിനോദ സഞ്ചാര സാധ്യതകള്‍ തുറന്നില്ലെങ്കില്‍ മറ്റു നഗരങ്ങളുമായി പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതി വരുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വേമ്പനാട് പാലം നിലവില്‍ വന്ന് ഏഴു വര്‍ഷം കഴിഞ്ഞിട്ടും പ്രതീക്ഷിച്ച രീതിയില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്നു ചരക്കു നീക്കമില്ല. 450 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലമാണ് അനാഥമായി കിടക്കുന്നത്. പാത വിനോദസഞ്ചാരികള്‍ക്കു തുറന്നു നല്‍കിയാല്‍ അതില്‍ നിന്നുളള വരുമാനമെങ്കിലും റെയില്‍വേയ്ക്കു ലഭിക്കും. ക്രൂസ് ഷിപ്പുകളില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കൊച്ചിന്‍ പോര്‍ട്ടുമായി ചേര്‍ന്നു ഐആര്‍സിടിസിക്കു പ്രത്യേക ട്രെയിന്‍ ഓടിക്കാന്‍ കഴിയും.
ഏകദേശം 600 രൂപയായിരിക്കും വിദേശ വിനോദ സഞ്ചാരികളില്‍ നിന്ന് ഈടാക്കുക. വിദേശ സഞ്ചാരികളില്ലാത്ത സമയത്ത് ആഭ്യന്തര സഞ്ചാരികള്‍ക്കായും സര്‍വീസ് ഉണ്ടാകും. നിലവിലുളള കൊച്ചി സര്‍ക്യൂട്ട് ടൂറിന്റെ ഭാഗമായി വല്ലാര്‍പാടം ട്രെയിന്‍ യാത്ര കൂടി ഓപ്പറേറ്റര്‍മാര്‍ അവരുടെ പാക്കേജുകളില്‍ ഉള്‍പ്പെടുത്തും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹില്‍സ്റ്റേഷനുകളില്‍ വിനോദസഞ്ചാരികള്‍ക്കായി ചെറിയ ട്രെയിന്‍ സര്‍വീസുകളുണ്ട്. മിക്കതും ബ്രീട്ടിഷുകാരുടെ കാലത്തു നിര്‍മിച്ചവ. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം റെയില്‍വേ നിര്‍മിച്ച വിസ്മയങ്ങളിലൊന്നാണു വല്ലാര്‍പാടം പാലം. എന്നാല്‍ ഈ പാലത്തിന്റെ ടൂറിസം സാധ്യതകള്‍ ഒരു ഘട്ടത്തിലും ഉപയോഗപ്പെടുത്തിയിട്ടില്ല. പാലം ഇപ്പോള്‍ സാമൂഹിക വിരുദ്ധരുടെ താവളമാണ്.
ഇടപ്പളളിയില്‍ നിന്നാരംഭിക്കുന്ന പാത കുറച്ചു ദൂരം തൃശൂര്‍ - എറണാകുളം പാതയ്ക്കു സമാന്തരമായാണു സഞ്ചരിക്കുന്നത്. വടുതലയില്‍ നിന്നു തിരിഞ്ഞ് ഇടയക്കര, മുളവുകാട് ദ്വീപുകള്‍ കടന്നാണു പാലം വേമ്പനാട് കായലിനു മുകളിലൂടെ വല്ലാര്‍പാടത്ത് എത്തുന്നത്. പാലത്തിന്റെ 80 ശതമാനവും വെള്ളത്തിനു മുകളിലാണ്.

Other News

 • ജെഎൽആർ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികൻ ഇനി ഓർമ്മ
 • ജപ്പാന്റെ കടം ജിഡിപിയുടെ 250% കൂടുതല്‍
 • 'അനിയന്‍ ബാവയെ' ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ച് 'ചേട്ടന്‍ ബാവ'; അനില്‍ അംബാനിയുടെ 550 കോടി രൂപയുടെ കുടിശിക തീര്‍ത്ത് മുകേഷ് അംബാനി
 • ജെ & ജെ കാന്‍സര്‍ രോഗിക്ക് നഷ്ടപരിഹാരം നല്‍കണം
 • ഒറ്റ ചാര്‍ജില്‍ 480 കി.മീ ലഭിക്കുന്ന ചെറു എസ്.യു.വി 'മോഡല്‍ വൈ' ടെസ്ല പുറത്തിറക്കി
 • ഗൂഗിളും ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലേക്ക്? പേറ്റന്റ് രേഖകള്‍ പുറത്ത്
 • ആന്‍ഡ്രോയിഡ്,വിന്‍ഡോസ് കയറ്റുമതി അമേരിക്ക നിറുത്തുമോ എന്ന ഭയം; വാവേയ് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചു
 • റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ്‌ ഉടനെത്തും
 • ഫെയ്‌സ് ബുക്ക് നിശ്ചലമായി, ടെലിഗ്രാഫിനുണ്ടായത് മികച്ച നേട്ടം
 • ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും സമ്മര്‍ദ്ദം; വ്യാജവാര്‍ത്തകളും തെറ്റദ്ധാരണകളും നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി വാട്‌സാപ്പ് ഇന്ത്യ മേധാവി
 • യു.എസ് തൊഴില്‍ ലഭ്യതാ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി
 • Write A Comment

   
  Reload Image
  Add code here