ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി രഘുറാം രാജന്‍

Wed,Sep 12,2018


ന്യൂഡല്‍ഹി:ലക്ഷക്കണക്കിന് ഡോളര്‍ ബാങ്ക് തട്ടിപ്പ് നടത്തി വ്യാപാരികള്‍ ഇന്ത്യവിട്ട വിവാദത്തിന് കൊഴുപ്പുകൂട്ടി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ രംഗത്ത്. തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി മോഡിയുടെ ഓഫീസിനെ കുഴപ്പത്തിലാക്കുന്നതാണ് രഘുറാം രാജന്റെ പ്രസ്താവന.ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട വൻ തട്ടിപ്പുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ (പി.എം.ഒ.) നേരത്തേഅറിയിച്ചിരുന്നുവെന്നാണ് രഘുറാം രാജന്‍ പറഞ്ഞത്. മുതിർന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹർ ജോഷി അധ്യക്ഷനായ പാർലമെന്റിന്റെ എസ്റ്റിമേറ്റ് സമിതിക്കയച്ച റിപ്പോർട്ടിലാണ്‌ രാജൻ ഇക്കാര്യം പറയുന്നത്.

എന്നാൽ, ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് ഇതു സംഭവിച്ചതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. രണ്ടാം യു.പി.എ. സർക്കാരിന്റെ അവസാനകാലത്തും എൻ.ഡി.എ. സർക്കാരിന്റെ തുടക്കത്തിലും (2013 സെപ്റ്റംബർ നാല്-2016 സെപ്റ്റംബർ നാല്) അദ്ദേഹം റിസർവ് ബാങ്ക് ഗവർണറായിരുന്നു. എന്നാൽ, രഘുറാം രാജന്റെ ആരോപണം കോൺഗ്രസ് രാഷ്ട്രീയായുധമാക്കിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയുമാണ്‌ രാജൻ ഉദ്ദേശിച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. എന്തുകൊണ്ടാണ്‌ മോദി തട്ടിപ്പുകാർക്കെതിരേ നടപടിയെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. യു.പി.എ. സർക്കാർ ഇറങ്ങുമ്പോൾ 2.83 ലക്ഷം കോടി രൂപയായിരുന്നു നിഷ്‌ക്രിയ ആസ്തി. എന്നാൽ ഇന്നത് 12 ലക്ഷം കോടി രൂപയായെന്നും സുർജേവാല ആരോപിച്ചു.

17,500 കോടി രൂപയുടെ വായ്പത്തട്ടിപ്പുകളിൽ നടപടിയെടുക്കണമെന്ന് രാജൻ 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചിരുന്നതായി അന്നു റിപ്പോർട്ടുണ്ടായിരുന്നു. തട്ടിപ്പുകേസുകൾ നേരത്തേ റിപ്പോർട്ട് ചെയ്യുന്നതിനായി താൻ ഗവർണറായിരുന്നപ്പോൾ ഒരു സമിതി രൂപവത്കരിച്ചെന്നും അതിന്റെ ഭാഗമായാണ് പി.എം.ഒ.യ്ക്ക് ഈ വിവരം നൽകിയതെന്നും രാജൻ വിശദമാക്കി.

അന്വേഷണ ഏജൻസികൾക്ക് ഇത്തരം വിവരം നൽകുന്നതിനുവേണ്ടിയായിരുന്നു സമിതി. വൻ തട്ടിപ്പുകളുടെ പട്ടിക ഞാൻ പി.എം.ഒ.യ്ക്കും നൽകി. ഒന്നോ രണ്ടോ പേർക്കെതിരേ കേസെടുക്കണമെന്നും അതിൽ ആവശ്യപ്പെട്ടു. എന്നാൽ, പിന്നീടതിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചില്ല-റിപ്പോർട്ടിൽ പറയുന്നു. വൻ തട്ടിപ്പു നടത്തിയ ഒരാളുടെ പേരിൽപ്പോലും കേസെടുക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Other News

  • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
  • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
  • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
  • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
  • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
  • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
  • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
  • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
  • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
  • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
  • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
  • Write A Comment

     
    Reload Image
    Add code here