ഇന്ത്യയില്‍ പെട്രോൾ, ഡീസൽ വിലകൾ മുന്നേറ്റം തുടരുന്നു

Sat,Sep 08,2018


കൊച്ചി: പെട്രോൾ, ഡീസൽ വിലകൾ റെക്കോഡുകൾ ഭേദിച്ച് മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച ഒറ്റദിവസം കൊണ്ട് പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയും കുതിച്ചുയർന്നു. കൊച്ചി നഗരപരിധിയിൽ ഇതോടെ പെട്രോൾ ലിറ്ററിന് 81.96 രൂപയും ഡീസലിന് 75.93 രൂപയുമായി. വ്യാഴാഴ്ച പെട്രോളിന് 81.47 രൂപയും ഡീസലിന് 75.38 രൂപയുമായിരുന്നു.

തിരുവനന്തപുരം നഗരപരിധിയിൽ പെട്രോളിന് 83.30 രൂപയും ഡീസലിന് 77.18 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. മിക്ക ജില്ലകളിലും പെട്രോൾ വില 83 രൂപയും ഡീസലിന് 77 രൂപയും കടന്നിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ഇന്ധനം എത്തിക്കേണ്ടതുള്ളതിനാൽ ചരക്കുകൂലി കൂടി കണക്കിലെടുക്കുമ്പോൾ ഓരോ പ്രദേശത്തും വില വ്യത്യാസമുണ്ടാകാറുണ്ട്. കൊച്ചിയിലേതിനെക്കാൾ ഏതാണ്ട് ഒരു രൂപ കൂടുതലാണ് തിരുവനന്തപുരത്ത്.

അസംസ്‌കൃത എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം റെക്കോഡ് നിലയിലേക്ക് താഴുക കൂടി ചെയ്തതാണ് വിലവർധനയ്ക്ക്‌ കാരണമെന്ന് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നു. രണ്ടാഴ്ചയ്ക്കിടയിൽ പെട്രോളിന് 2.25 രൂപയുടെയും ഡീസലിന് മൂന്നു രൂപയുടെയും വർധനയാണ് ഉണ്ടായിരിക്കുന്നത്.

അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 78 ഡോളറാണ്. ഡോളറിന്റെ മൂല്യമാകട്ടെ വ്യാഴാഴ്ച 72 രൂപ കടന്നിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ, രൂപയുടെ മൂല്യം ഇടിയുകയും ഡോളർ ശക്തിപ്രാപിക്കുകയും ചെയ്യുന്നത് ഇറക്കുമതി ചെലവ് വർധിക്കാൻ ഇടയാക്കും. അതേസമയം, ലാഭത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന എണ്ണക്കമ്പനികളുടെ സമീപനമാണ് ഇന്ധനവില ഈ നിലയിലേക്ക് എത്താൻ കാരണം.

വില റെക്കോഡ് നിലവാരത്തിൽ എത്തിയതോടെ പെട്രോൾ വിൽപ്പനയിൽ കുറവുണ്ടാകാൻ തുടങ്ങിയിട്ടുണ്ടെന്ന് പമ്പുടമകൾ പറയുന്നു. അതേസമയം, ഡീസൽ വിൽപ്പനയിൽ കാര്യമായ വ്യത്യാസമില്ല. സ്വകാര്യ വാഹനങ്ങളിൽ ഏറിയ പങ്കും പെട്രോളാണെന്നതാവാം കാരണം.

Other News

 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
 • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
 • Write A Comment

   
  Reload Image
  Add code here