ഇന്ത്യയില്‍ ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേക്ക് ഷവോമി

Sat,Sep 01,2018


ബെയ്ജിങ്: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ 'ഷവോമി' ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഗൂഗിള്‍, വാട്സാപ്പ് തുടങ്ങിയ ആഗോള ടെക് കമ്പനികളുടെ ചുവടുപിടിച്ചാണ് ഷവോമിയും ഇന്ത്യയിലെ ഓണ്‍ലൈന്‍ പണമിടപാട് വിപണിയിലേക്ക് ചുവടുവയ്ക്കുന്നത്. 'മി പേ' എന്ന പേരിലായിരിക്കും ഷവോമിയുടെ സേവനമെത്തുക. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡാണ് ഷവോമി.

പേമെന്റ് സേവനത്തിനായി റിസര്‍വ് ബാങ്കില്‍ നിന്ന് അന്തിമ അനുമതി കാത്തിരിക്കുകയാണ് കമ്പനി. യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് (യു.പി.ഐ.) അധിഷ്ഠിത സേവനമായിരിക്കും കമ്പനി ഒരുക്കുക. ഇതിനായുള്ള ടെസ്റ്റിങ് പുരോഗമിക്കുകയാണ്. രാജ്യത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പിന്തുണയോടെയായിരിക്കും ഷവോമി പേമെന്റ്സ് സേവനം ലഭ്യമാക്കുന്നത്. ആര്‍.ബി.ഐ.യില്‍നിന്ന് അനുമതി ലഭിക്കുന്നതോടെ കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കും.

ഇന്ത്യയിലെ മൊബൈല്‍ പണമിടപാട് സേവന രംഗത്തേക്ക് എത്തുന്ന രണ്ടാമത്തെ ചൈനീസ് കമ്പനിയായിരിക്കും ഷവോമി. മൊബൈല്‍ പേമെന്റ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പേടിഎം എന്ന ഇന്ത്യന്‍ കമ്പനിയില്‍ ചൈനയിലെ ഇ-കൊമേഴ്സ് വമ്പന്‍മാരായ ആലിബാബയ്ക്ക് ഓഹരി പങ്കാളിത്തമുണ്ട്. മൊബൈല്‍ വാലറ്റ് സേവനമൊരുക്കുന്ന പേടിഎമ്മില്‍ വാരന്‍ ബഫെറ്റിന്റെ ബെര്‍ക്ക്ഷെയര്‍ ഹാത്തവേ 2,500 കോടി രൂപ മുതല്‍മുടക്കുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഗൂഗിളും ഈ രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി 'ഗൂഗിള്‍ തേസി'ന്റെ പേര് 'ഗൂഗിള്‍ പേ' എന്നാക്കി മാറ്റുകയാണ്. ഓണ്‍ലൈനിലൂടെ വായ്പ ലഭ്യമാക്കുന്ന സേവനവും അവര്‍ തുടങ്ങാനിരിക്കുകയാണ്. ഫ്‌ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍ പേ, ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് പെയ്മെന്റ്സ് എന്നിവയാണ് ഈ രംഗത്ത് സാന്നിധ്യം ശക്തമാക്കാനിരിക്കുന്ന മറ്റു കമ്പനികള്‍.

Other News

 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • Write A Comment

   
  Reload Image
  Add code here