രൂപയുടെ തകര്‍ച്ച വീണ്ടും: പ്രവാസികൾ ആഹ്‌ളാദത്തില്‍

Mon,Aug 13,2018


ദുബായ്: രാവിലത്തെ വ്യാപാരത്തിലെ നേട്ടം തകര്‍ത്തുകൊണ്ട് രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ലേയ്ക്ക് താഴ്ന്നു. രാവിലെ 69.84ല്‍ വ്യാപാരം തുടങ്ങിയശേഷം 69.75ലേയ്ക്ക് ഉയര്‍ന്നെങ്കിലും മൂല്യം വീണ്ടും താഴെപ്പോകുകയായിരുന്നു. 10.34ന് 70.08 രൂപയായി ഡോളറിനെതിരെ രൂപയുടെ മൂല്യം. തിങ്കളാഴ്ച ഒറ്റ ദിവസംകൊണ്ട് 1.08 രൂപ ഇടിഞ്ഞ് 69.91 നിരക്കിലാണ് ക്ലോസ് ചെയ്തത്.

തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ്ഘടനയെ ബാധിക്കുമോയെന്ന ആശങ്കയാണ് വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികളുടെ മൂല്യമിടിയാന്‍ പെട്ടെന്നുണ്ടായ കാരണം. തുര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യം തിങ്കളാഴ്ച എട്ടുശതമാനമാണ് ഇടിഞ്ഞത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 70 ലേയ്ക്ക് താഴുന്നത്. കയറ്റുമതിയേക്കാള്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്നനിലയില്‍ രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കും. ഇറക്കുമതി ചെലവ് ഉയരുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂടാന്‍ ഇടയാക്കുമെന്നതാണ് കാരണം.

മൂല്യം 70 കടന്നതോടെ റിസര്‍വ് ബാങ്ക് ഇടപെട്ടേക്കും. ബാങ്കുകളെക്കൊണ്ട് ഡോളര്‍ കാര്യമായി വിറ്റഴിപ്പിച്ചാല്‍ തല്‍ക്കാലത്തേയ്‌ക്കെങ്കിലും മൂല്യം പിടിച്ചുനിര്‍ത്താന്‍ കഴിയും. ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തിലുള്ള ഡോളര്‍ വിറ്റൊഴിച്ചും രൂപയുടെ മൂല്യം ഉയര്‍ത്താനാകും.അതേസമയം ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുവന്നതോടെ നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണംകൂടിയെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഡോളറിന് 69.91 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇതോടെ ദിർഹവുമായുള്ള വിനിമയനിരക്കിലും വൻമാറ്റം ഉണ്ടായി. ഒരു ദിർഹത്തിന് പത്തൊൻപത് രൂപയ്ക്കുമുകളിലേക്ക് മൂല്യം ഇടിഞ്ഞു. സമീപകാലത്ത് ഇതാദ്യമായാണ് പ്രവാസികൾക്ക് ഇത്ര മികച്ച വിനിമയനിരക്ക് കിട്ടുന്നത്.ഗള്‍ഫിലുള്ള പല പ്രവാസികളും നാട്ടിലെ വായ്പ അടച്ചുതീര്‍ക്കുന്ന തിരക്കിലാണെന്നും വസ്തു വാങ്ങാനും അവര്‍ തയ്യാറാകുന്നു എന്നുമാണ് റിപ്പോര്‍ട്ട്.

മൂല്യത്തിലെ മാറ്റം മുതലാക്കി, നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. യു.എ.ഇ.യിലെ ഒട്ടുമിക്ക മണി എക്സ്‌ചേഞ്ചുകളിലും തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നു. വിവിധ ബാങ്കുകളുടെ മൊബൈൽ ആപ്പ് വഴിയുള്ള ഓൺലൈൻ ട്രാൻസ്ഫറിനും ആകർഷകമായ നിരക്ക് കിട്ടുന്നുണ്ട്. ഓൺലൈനായി പണം അയയ്ക്കുമ്പോൾ സർവീസ് ചാർജ് ആവശ്യമില്ല എന്നത് കൂടുതൽ ആളുകളെ ആകർഷിക്കുന്നുണ്ട്.

ഞായറാഴ്ച രാവിലെ ഒരു ദിർഹത്തിന് 18.83 രൂപ എന്നതായിരുന്നു നിരക്ക്. അവിടെനിന്നാണ് 19.01-ന്‌ മുകളിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത് . വരുംദിവസങ്ങളിൽ മൂല്യം ഇനിയും താഴാനാണ് സാധ്യത. ഇനിയുള്ള ദിവസങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണംകൂടുമെന്നാണ് മണി എക്സ്‌ചേഞ്ച് രംഗത്തുള്ളവർ പറയുന്നത്. തുർക്കി- അമേരിക്ക നയതന്ത്രബന്ധം വഷളായത് അമേരിക്കൻ ഡോളർ ശക്തിപ്പെടാൻ കാരണമായി. ഇതാണ് ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയായത്.

Other News

 • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
 • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
 • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here